ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

November 28, 2017

"വാക്സിൻ വിരുദ്ധതയിലെ ഹോമിയോപ്പതിക്കുപ്പായം - ഒരു മനുഷ്യാവകാശകൗതുകം"

മനോരമ ന്യൂസിൽ ഇക്കഴിഞ്ഞ ദിവസം നടന്ന ഒരു വാക്സിനേഷൻ ചർച്ച വൈകിയാണെങ്കിലും യൂ ട്യൂബിൽ കണ്ടു. മനുഷ്യാവകാശപ്രവർത്തകനായി പതിവുപോലെ ഒരു ഹോമിയോപ്പതി ഡോക്ടർ സ്വയം വേഷമിട്ടതോ മറ്റാരോ വേഷമിടീച്ചതോ ആയി 'വാക്സിനെതിരെ' എന്ന വിശേഷണത്തോടെ ഇരിക്കുന്നത്‌ കണ്ടപ്പഴേ കാര്യങ്ങൾ ഏതു വഴിക്ക്‌ പോകുമെന്ന് പിടികിട്ടിയെങ്കിലും ആൾ നേരിട്ടു പരിചയമുള്ള ആളായതുകൊണ്ട്‌ മുഴുവൻ കണ്ടു. സന്തോഷമായി ഗോപിയേട്ടാ, സന്തോഷമായി.

ആർ.എസ്‌.എസ്‌. ഹിന്ദുക്കളെയും
പോപ്പുലർ ഫ്രണ്ട്‌ മുസ്ലീങ്ങളെയും പ്രതിനിധീകരിക്കുന്നില്ല എന്നതു പോലെ തന്നെ,
ചാനലിൽ ഹോമിയോപ്പതി ഡോക്ടർ ആയി വന്നിരിക്കുന്നവർ ഹോമിയോപ്പതിയെയും പ്രതിനിധാനം ചെയ്യുന്നവരല്ല എന്ന് പറയാൻ, ചാനലിലൊന്നും വന്ന് പ്രസംഗിക്കാനറിയാത്ത, മര്യാദക്ക്‌ പ്രാക്റ്റീസ്‌ ചെയ്ത്‌ ജീവിക്കാൻ ശ്രമിക്കുന്ന,
മനുഷ്യാവകാശ പ്രവർത്തനത്തിനൊന്നും പോകാത്ത,
ഞങ്ങൾ പാവം ഹോമിയോപ്പതി ഡോക്ടർമ്മാരെക്കൊണ്ടിനി വിളിച്ചു പറയിക്കരുത്‌.

ഹോമിയോപ്പതി ഡോക്ടർ മനുഷ്യാവകാശ പ്രവർത്തകൻ ആയാലൊന്നും ഒരു കുഴപ്പവുമില്ല, രാഷ്ട്രീയക്കാരനോ സാമൂഹ്യപ്രവർത്തകനോ ഒക്കെ ആവാം. പക്ഷെ വാക്സിനേഷൻ പോലെ ഈ നാടു മുഴുവൻ ഒന്നിച്ച്‌ പോസിറ്റീവായി ഇടപെടേണ്ട ആരോഗ്യമേഖലയിലെ സെൻസിറ്റീവ്‌ ആയൊരു വിഷയത്തിൽ ചാനലിൽ പോയി മനുഷ്യാവകാശ കുപ്പായമിട്ട്‌ ഷോ കാണിക്കുന്ന ഹോമിയോപ്പതി ഡോക്ടർമ്മാർ ഒന്നുകിൽ വാദമുഖങ്ങൾക്കിടയിൽ ഹോമിയോപ്പതി തത്വങ്ങളോ അലോപ്പതി വിരുദ്ധതയോ വാരിവിതറി അപഹാസ്യരാകാതിരിക്കാനും മനുഷ്യാവകാശമെന്ന പേരിൽ അവർ എന്തെങ്കിലും വാദമുഖങ്ങൾ ഉന്നയിക്കുന്നെങ്കിൽ അത്‌ കൃത്യമായ തെളിവുകളോടെ മനുഷ്യർക്ക്‌ മനസിലാവുന്ന വിധത്തിൽ ഉന്നയിക്കാനും ശ്രമിക്കുക, അല്ലെങ്കിൽ അവനവനെക്കൊണ്ട്‌ പറ്റാത്ത പണിയെന്ന് തിരിച്ചറിഞ്ഞ്‌ ദയവായി അതിനു പോകാതിരുന്ന് ഞങ്ങൾക്കുകൂടി നാണക്കേട്‌ വരുന്നത്‌ ഒഴിവാക്കുക.

കുറച്ചുവർഷങ്ങൾ മുൻപു വരെ വാക്സിനേഷന്റെ പരാജയകാരണമായി അലോപ്പതി ഡോക്ടർമ്മാർ ചൂണ്ടിക്കാണിച്ചിരുന്നത്‌ ഹോമിയോപ്പതി ഡോക്ടർമ്മാർ എതിർ പ്രചാരണം നടത്തുന്നു എന്നതായിരുന്നു. നവമാദ്ധ്യമങ്ങളുടെ വരവോടെ മറഞ്ഞിരുന്ന പലരുടെയും മുഖം വെളിവാക്കപ്പെട്ടതോടെ ആ പ്രചാരണത്തിന്റെ മുനയൊടിഞ്ഞു എന്നതാണു സത്യം. മനുഷ്യാവകാശപ്രവർത്തകരെന്ന ലേബലിൽ എല്ലായിടത്തും പോയി കുത്തിത്തിരിപ്പുണ്ടാക്കുന്ന ചിലരും സമൂഹത്തിൽ സർക്കാരോ മറ്റു കേന്ദ്രങ്ങളോ ഗുണപരമായി നടപ്പാക്കാൻ ശ്രമിക്കുന്ന ഏതൊന്നിനെയും സാമ്രാജ്യത്വത്തിന്റെയും ഫാസിസത്തിന്റെയും ചെലവിൽ മതത്തിനെതിരെയുള്ള നീക്കമായി വ്യാഖ്യാനിച്ച്‌ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചിലരും അടിസ്ഥാന യോഗ്യത പോലുമില്ലാതെ ഡോക്ടറായി ചമഞ്ഞ്‌ നാക്കിന്റെയും കുറേ പിണിയാളുകളുടെയും ബലത്തിൽ മാത്രം കേരളത്തിലെ ആരോഗ്യമേഖലയെ മൊത്തത്തിൽ ഏറ്റെടുത്ത്‌ നന്നാക്കിക്കളയുന്നു എന്ന പ്രതീതി നവമാദ്ധ്യമങ്ങളിലൂടെയും മറ്റും ജനിപ്പിച്ച്‌ കുളിപ്പിച്ച്‌ കിടത്തിക്കൊണ്ടിരിക്കുന്ന രണ്ടു മൂന്നു പ്രമുഖരും ഒക്കെയായിരുന്നു മാടമ്പള്ളിയിലെ യഥാർത്ഥ മാനസികരോഗികൾ എന്ന് ഇന്ന് മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നു. അതിനിടയിലും "ഹോമിയോക്കാർ വാക്സിനേഷനെ എതിർക്കുന്നേ" എന്ന് വലിയ വായിൽ നിലവിളിക്കാൻ ഐ.എം.എ. ഭാരവാഹികൾക്കും ഹോമിയോപ്പതി വിരുദ്ധ യുക്ത - ഡിങ്കാദി മുള്ളുമുരുക്കുകൾക്കും ചുമ്മാ ഒരു വടിയിട്ടുകൊടുക്കാൻ മാത്രമായി എന്തിനാണു മനുഷ്യാവകാശ ഹോമിയോക്കാരേ ഇങ്ങനെ ചാനൽ ചർച്ചകളിൽ കോമാളി വേഷം കെട്ടുന്നത്‌?

യുക്തിവാദിയുടെ മുഖം മൂടിയിട്ട്‌ ഹോമിയോപ്പതി വിരുദ്ധ പ്രചാരണം നടത്തുന്ന അലോപ്പതി ഡോക്ടറെപ്പോലെ തന്നെ പരിഹാസ്യമാണ്‌ മനുഷ്യാവകാശപ്രവർത്തകന്റെ മുഖം മൂടിയിട്ട്‌ വാക്സിനേഷനെ എതിർക്കാൻ പോകുന്ന ഹോമിയോപ്പതി ഡോക്ടറും. ആ ജനുസിൽ പെട്ടവരും അല്ലാത്തവരുമായ കുറച്ച്‌ വാക്സിൻ വിരുദ്ധർ ഹോമിയോപ്പതിയിലുണ്ടെന്നത്‌ സത്യം തന്നെ, പക്ഷെ എണ്ണത്തിൽ കുറവായ അത്തരക്കാരിൽ ബഹുഭൂരിപക്ഷവും ഹോമിയോപ്പതി ഇതര കാരണങ്ങൾ കൊണ്ടാണെതിർക്കുന്നത്‌ എന്നതാണു യാഥാർത്ഥ്യം. അവർ എതിർത്തുകൊണ്ടേയിരിക്കും, വാക്സിനേഷനെ മാത്രമല്ല, എല്ലാറ്റിനെയും. എന്തായാലും പുതിയ തലമുറയിൽ പെട്ട - മറ്റു കാരണങ്ങളില്ലാത്ത - ഹോമിയോപ്പതി ഡോക്ടർമ്മാരും വിദ്യാർത്ഥികളുമൊക്കെ തന്നെ വാക്സിനേഷനെ അനുകൂലിക്കുന്ന നിലപാടാണെടുക്കുന്നതെന്ന് നിസംശയം പറയാം. ഒക്ടോബറിൽ നടന്ന ഹോമിയോപ്പതി വിദ്യാർത്ഥികൾക്കായുള്ള എസ്‌.എഫ്‌.ഐ. സബ്‌ കമ്മിറ്റി ആൾ കേരള ഹോമിയോ മെഡിക്കോസ്‌ അസോസിയേഷൻ(AKHMA)ന്റെ സംസ്ഥാന സമ്മേളനത്തിന്റെ പത്രപ്രസ്താവന തന്നെ വാക്സിനേഷനനുകൂലമായ തലക്കെട്ടോടെയായിരുന്നു. ഡോ.ഖദീജ മുംതാസിനെപ്പോലെ ചില അലോപ്പതി ഡോക്ടർമ്മാർ വാക്സിനേഷനെ എതിർക്കുന്നതുപോലെ ചില ഹോമിയോപ്പതി ഡോക്ടർമ്മാരും വ്യക്തിപരമായി എതിർക്കുന്നു എന്നല്ലാതെ ഹോമിയോപ്പതി മേഖലയിലെ പ്രൊഫഷണൽ - സർവ്വീസ്‌ സംഘടനകളൊന്നും വാക്സിനേഷനെ എതിർക്കുന്ന നിലപാട്‌ എടുത്തതായി എന്റെ അറിവിലില്ല. എന്നിട്ടും ഇതുപോലെ ചാനലിൽ മുഖം കാണിക്കാൻ പോകുന്ന ചിലർ അവിടെ പോയി മണ്ടത്തരങ്ങൾ വിളിച്ചുപറഞ്ഞ്‌ ഇളിഞ്ഞ മുഖത്തോടെ തിരിച്ചുവന്ന് ഹോമിയോപ്പതിയെ "ഉദ്ധരിച്ച"തിന്റെ സംതൃപ്തിയോടെ കിടന്നുറങ്ങുമ്പോൾ "അയ്യേ" എന്നു മാത്രമേ പറയാനാവുന്നുള്ളൂ.

എന്തായാലും ഒരു കാര്യം ഉറപ്പ്‌. അലോപ്പതിക്കാരുടെ മുഖ്യ ധർമ്മം ഹോമിയോപ്പതിയെയും മറ്റു ആയുഷ്‌ സിസ്റ്റങ്ങളെയും എതിർക്കുക എന്നതും ഹോമിയോപ്പതിയുടെ ലക്ഷ്യം അലോപ്പതിയെ എതിർക്കുക എന്നതുമാണെന്ന സാമ്പ്രദായിക രീതിയിൽ നിന്ന് ഈ രണ്ടു വിഭാഗത്തിലെയും കുറേ പേർ പിന്നോട്ടു പോകില്ലെന്ന് ആ ചർച്ചയോടെ വീണ്ടും ഉറപ്പിക്കാം. ഇതരവൈദ്യശാസ്ത്രങ്ങളുടെ കൂടി സഹകരണത്തോടെ വാക്സിനേഷൻ വിജയിപ്പിക്കണമെന്ന പോസിറ്റീവ്‌ ആയ ലക്ഷ്യമല്ല അലോപ്പതി ഡോക്ടർമ്മാരുടെ സംഘടനക്കോ ഡോക്ടർമ്മാർക്കോ ഉള്ളതെന്നും മറിച്ച്‌, കിട്ടിയ ചാൻസിനു ഹോമിയോപ്പതിക്കിട്ട്‌ രണ്ടു കൊട്ടു കൊടുക്കലാണെന്നും തെളിയിക്കാൻ ആ ചർച്ച ഉപകാരപ്പെട്ടു.  ഹോമിയോപ്പതിക്കാർക്ക്‌ ഒന്നും അറിയില്ലെന്ന് സ്ഥാപിക്കാൻ ശ്രമിച്ചതിലൊക്കെ സന്തോഷമേയുള്ളൂ. അല്ലെങ്കിലും വാക്സിനേഷനെ അനുകൂലിച്ചാലും ഇല്ലെങ്കിലും ഐ.എം.എ.യുടെ ചൊറിച്ചിൽ പൂർവ്വാധികം ശക്തിയോടെ തുടരും എന്ന ഉത്തമബോദ്ധ്യത്തോടെ തന്നെയാണു മറ്റൊരു വൈദ്യശാസ്ത്രത്തിലെ ചികിത്സാരീതിയായ വാക്സിനേഷനെ പൊതുജനാരോഗ്യരംഗത്തെ നല്ലൊരു മുന്നേറ്റമെന്നത്‌ ഉൾക്കൊണ്ടും ഒരു ആരോഗ്യപ്രവർത്തകനെന്ന നിലയിൽ അതെന്റെ ഉത്തരവാദിത്വമെന്ന് തിരിച്ചറിഞ്ഞും പിന്തുണക്കുന്നത്‌. കേരളത്തിൽ 100% പേരും അലോപ്പതി മരുന്നല്ല കഴിക്കുന്നത്‌. ആയുഷ്‌ വിഭാഗങ്ങളെ ആശ്രയിക്കുന്ന വലിയൊരു ശതമാനം പേരുണ്ട്‌. ആ വിഭാഗങ്ങളിലെ ഹോമിയോപ്പതി ഡോക്ടർമ്മാർ ഉൾപ്പെടെയുള്ളവർ നിലവിൽ വാക്സിനേഷനെ എതിർക്കുന്നവരല്ലെങ്കിൽ പോലും അവരെക്കൊണ്ടു കൂടി വാക്സിനേഷൻ കൊടുക്കാൻ അവരുടെ രോഗികളോട്‌ പറയിക്കാൻ കഴിഞ്ഞാൽ അത്‌ തീർച്ചയായും ഗുണം ചെയ്യുമെന്ന് മനസിലാക്കാൻ സാമാന്യബുദ്ധി മതിയല്ലോ. പക്ഷെ ബുദ്ധി കൂടുതലുള്ള അലോപ്പതിക്കാർ എന്തുകൊണ്ടോ അതു ചെയ്യാതെ അവരൊക്കെ വിവരം കെട്ടവരാണെന്ന് സ്ഥാപിക്കാൻ മാത്രം വാക്സിനേഷൻ ചർച്ചകളെ ഉപയോഗപ്പെടുത്തുന്നതു കാണുമ്പോൾ സത്യത്തിൽ പുച്ഛം പോലുമല്ല, ചിരിയാണു വരുന്നത്‌. ആരെയാണിവരൊക്കെ ഭയക്കുന്നത്‌?

 അവർ പറയുന്നതുപോലെ രോഗങ്ങളെയൊന്നും മനസിലാക്കാൻ വിവരമില്ലാത്ത പാവം ഹോമിയോപ്പതിക്കാരെ പോലെ ഇനി വരുന്ന തലമുറയിലെ ഹോമിയോപ്പതിക്കാർ ആയിത്തീരാതിരിക്കാനായിരിക്കുമല്ലെ സർജ്ജറി - ഗൈനക്കോളജി വിഷയങ്ങളിൽ ഹോമിയോപ്പതി വിദ്യാർത്ഥികൾക്ക്‌ സർക്കാർ അലോപ്പതി ആശുപത്രികളിൽ ട്രെയിനിംഗ്‌ നൽകുന്നതിനെതിരെ ഐ.എം.എ. കോടതിയിൽ പോയത്‌? പഠിപ്പില്ലെന്ന് പറയുന്നു ഒരു വശത്ത്‌, മറുവശത്ത്‌ പഠിക്കാനവസരം നിഷേധിക്കുകയും ചെയ്യുന്നു. എന്തായാലും ഫാർമ്മക്കോളജി ഒഴികെ എം.ബി.ബി.എസ്‌. സിലബസിലുള്ള വിഷയങ്ങളൊക്കെ, അവർ പഠിക്കുന്ന പുസ്തകങ്ങൾ തന്നെ പഠിക്കുന്നുണ്ട്‌ മറ്റു വൈദ്യശാസ്ത്ര ശാഖകളിലെ വിദ്യാർത്ഥികളുമെന്ന് ഡോ.സുൾഫിക്ക്‌ അറിയാഞ്ഞിട്ടല്ലെന്ന് 100% ഉറപ്പ്‌. പിന്നെ എന്തിനങ്ങനെ പരിഹസിക്കുന്നു എന്ന് ചോദിച്ചാൽ, "നല്ല രസാ", അത്ര തന്നെ. പിന്നെ ഒരാളുടെ അറിവ്‌ / വിവരമെന്നത്‌ മറ്റൊരാൾ ചുമ്മാ കയറിയങ്ങ്‌ വിളിച്ചുപറയുക എന്നതല്ലല്ലൊ അതിന്റെ ശരി. ഒരു ചർച്ചയിൽ അനുവർത്തിക്കേണ്ട രീതിയും അതല്ല. ആരോഗ്യമേഖലയിലെ പല അറിവുകളും ഇന്ന് സാധാരണക്കാർക്ക്‌ അവരുടെ വിരലിൻ തുമ്പിൽ ലഭ്യമാണെന്നത്‌ മറക്കരുത്‌. വാട്ട്സപ്പിൽ വരുന്ന ഫെയ്ക്ക്‌ മെസേജുകൾക്കപ്പുറം ആധികാരികമായ അറിവ്‌ ലഭിക്കാൻ അത്യാവശ്യം വിദ്യാഭ്യാസമുള്ള ഒരാൾക്ക്‌ നിഷ്പ്രയാസം കഴിയും. അതുകൊണ്ട്‌ ആരെയും ചെറുതായിക്കാണരുത്‌. ഈ അലോപ്പതി - ഹോമിയോപ്പതി തമ്മിലടി വല്ലാതെ മടുത്ത്‌ നിർത്തിയ മേഖലയായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആ സംസാരരീതി കണ്ടപ്പോൾ പറഞ്ഞുപോയെന്നേ ഉള്ളൂ. പിന്നെ ഇതിനൊക്കെ കാരണം അവിടിരുന്ന് ഇരന്നുവാങ്ങിയ മനുഷ്യസ്നേഹി ആണല്ലോ എന്നോർക്കുമ്പോൾ അദ്ദേഹം പറഞ്ഞതിനെക്കുറിച്ച്‌ ഇതിനപ്പുറം പറയാനും വയ്യ. സ്വയംകൃതാനർത്ഥം.

കഴിഞ്ഞ കാലങ്ങളിൽ വാക്സിനേഷൻ ചെയ്താൽ കുഴപ്പമൊന്നുമില്ല, നിങ്ങൾക്ക്‌ താൽപര്യമെങ്കിൽ ചെയ്തോളൂ എന്ന് പറഞ്ഞിരുന്ന നിലപാടിൽ നിന്നും ഈ  ക്യാമ്പെയിൻ കാലത്ത്‌ ഡിസ്പെൻസറിയിലും ക്ലിനിക്കിലും വരുന്ന രോഗികളോട്‌ MR വാക്സിനേഷൻ നൽകാൻ നിർബന്ധിക്കുകയും സംശയമുള്ളവരെ പിടിച്ചിരുത്തി ബോധവൽക്കരിക്കുകയും ചെയ്യുന്ന നിലപാടിലേക്ക്‌ എത്തിച്ചേർന്നതായിരുന്നു ഞാൻ. പക്ഷെ ആ ചർച്ചയിൽ എൻസഫലൈറ്റിസ്‌, ഗില്ലൻ ബാരി സിൻഡ്രോം എന്നിവയൊക്കെ എന്തെന്നറിയില്ലെന്ന് ഡോ.സുൽഫിയും ഏത്‌ എക്സാന്തെം കണ്ടാലും മീസിൽസ്‌ എന്ന് പറയുന്നു എന്ന് ഡോ.ഷിമ്നയും വിശേഷിപ്പിക്കുന്ന തീരെ വിവരമില്ലാത്ത ഹോമിയോപ്പതിക്കാരനായ ഞാൻ ഇനിയെന്തിനു വാക്സിനെ അനുകൂലിക്കണം? വൈദ്യശാസ്ത്രത്തെക്കുറിച്ച്‌ ഒരു വിവരവുമില്ലാത്ത ഞങ്ങൾ ഹോമിയോക്കാർ വാട്ട്സപ്പിൽ വാക്സിൻ വന്ധ്യതയുണ്ടാക്കുമെന്ന് വരുന്നത്‌ വായിച്ച്‌ വിശ്വസിക്കുന്ന സാധാരണക്കാരെപ്പോലെ തന്നെയാണല്ലോ. അപ്പോൾ പിന്നെ വാക്സിൻ കൊടുക്കണമെന്ന് രക്ഷിതാക്കളെ ഉപദേശിക്കാനിനി എനിക്കെന്ത്‌ അർഹത? അതങ്ങ്‌ നിർത്തിയേക്കാം. അതല്ലെ നല്ലത്‌?

പക്ഷെ അങ്ങനെ ചിന്തിച്ച്‌ നിലപാടെടുത്താൽ പിന്നെ അവരും ഞാനും തമ്മിൽ എന്ത്‌ വ്യത്യാസം? അവർ രോഗ നിർമ്മാർജ്ജന യജ്ഞത്തെ ഹോമിയോ നിർമ്മാർജ്ജന യജ്ഞമാക്കാനായി പരിശ്രമിക്കട്ടെ. ഞാൻ എനിക്ക്‌ കഴിയുന്ന പോലെ കേരളസർക്കാരിന്റെ ആരോഗ്യ മേഖലയിലെ ഈ മികച്ച ഇടപെടലിനെ പിന്തുണച്ച്‌ ആ ആശയം കൂടുതൽ പേരിലേക്കെത്തിക്കാനും ബോധവൽക്കരിക്കാനും എന്നെക്കൊണ്ട്‌ കഴിയുന്നതുപോലെ തുടർന്നും ശ്രമിക്കും. അതൊരു ഹീറോയിസമാക്കാനല്ല, അതൊരു ഡോക്ടറുടെ ധർമ്മമായതുകൊണ്ട്‌.

അവസാനമായി മാദ്ധ്യമപ്രവർത്തകർ ആരെങ്കിലും ഇതു വായിച്ചേക്കാമെങ്കിൽ അവരോടൊരു വാക്ക്‌. ചാനൽ ചർച്ചകളിൽ പങ്കെടുക്കാൻ ഹോമിയോപ്പതി ഡോക്ടർമ്മാരെ നിങ്ങൾ എവിടുന്നാണു സംഘടിപ്പിക്കുന്നത്‌? ഈ വാക്സിൻ വിഷയത്തിൽ മാത്രമല്ല, പൊതുവെ. നേരത്തെ ഹോമിയോപ്പതിയുടെ ശാസ്ത്രീയത സംബന്ധിച്ചും പകർച്ചവ്യാധികൾ പടർന്നുപിടിച്ച സമയത്തും മറ്റും നടന്ന ചർച്ചകളിലും എല്ലാം ശ്രദ്ധിച്ചിരുന്നു. മണ്ടത്തരങ്ങൾ മാത്രം വിളിച്ചുപറയുന്ന ചിലരെ മാത്രമാണു മിക്ക ചർച്ചകളിലും കണ്ടത്‌. കേരളത്തിൽ സംഘടനാരംഗത്തും അക്കാഡമിക്‌ രംഗത്തും മറ്റു രംഗങ്ങളിലുമൊക്കെ കഴിവ്‌ തെളിയിച്ച, മികച്ച രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള നിരവധി ഹോമിയോപ്പതി ഡോക്ടർമ്മാരുണ്ട്‌. അലോപ്പതി പ്രതിനിധിയായി ഐ.എം.എ. ഭാരവാഹിയെ വിളിക്കുമ്പോൾ അതേ മാനദണ്ഡം തന്നെ മറ്റു രംഗത്തും വേണ്ടെ? സംഘടനകളുമായി ബന്ധപ്പെട്ടാൽ അവർ തരുമല്ലോ നല്ല വാഗ്മികളായ ഡോക്ടർമ്മാരെ. അതുപോലെ ഈ മനുഷ്യാവകാശ പ്രവർത്തകരായി കേരളത്തിൽ ഹോമിയോപ്പതിക്കാർ മാത്രമല്ലല്ലൊ ഉള്ളത്‌. ഡോ.സുൾഫി ചർച്ച വഴി തെറ്റിച്ചത്‌ ഡോ.സലിം കുമാർ ഒരു ഹോമിയോപ്പതി ഡോക്ടർ ആണെന്നതിൽ പിടിച്ചാണല്ലൊ. ചർച്ച നിഷ്പക്ഷമാക്കി സംശയദൂരീകരണമാണുദ്ദേശ്യമെങ്കിൽ ഹോമിയോപ്പതി ഡോക്ടറല്ലാത്ത ഒരാളെ വിളിക്കണമായിരുന്നു. ഭാവിയിലെങ്കിലും ഹോമിയോപ്പതി സംബന്ധിച്ച്‌ ചർച്ച നടക്കുമ്പോൾ ആ രംഗത്തെ സംസാരിക്കാനറിയാവുന്നവരെ വിളിക്കാൻ അപേക്ഷ. മനസിൽ ആശയങ്ങൾ ഉണ്ടെങ്കിൽ പോലും  വിഷയം പഠിച്ച്‌ ആധികാരിക വിവരങ്ങളും രേഖകളും സഹിതം പ്രേക്ഷകർക്ക്‌ പെട്ടെന്ന് മനസിലാവുന്ന തരത്തിൽ അവതരിപ്പിക്കലും എതിർവ്വാദം സംയമനത്തോടെ കൃത്യമായ പോയിന്റ്സ്‌ നിരത്തി ഖണ്ഡിക്കലുമൊക്കെ ഒരു വലിയ കഴിവാണ്‌ (ആ കഴിവുള്ളവരോട്‌ വ്യക്തിപരമായി എനിക്ക്‌ വലിയ അസൂയ ഉണ്ട്‌. എനിക്ക്‌ എത്ര ശ്രമിച്ചിട്ടും പറ്റിയിട്ടില്ല, ഇനിയൊട്ട്‌ പറ്റുകയുമില്ല). അത്തരക്കാരെ കൊണ്ടു വന്ന് ചർച്ചകൾ സജീവവും നിഷ്പക്ഷവും വിജ്ഞാനപ്രദവുമാക്കുക. അതല്ല, വെറും കൗതുകം എന്ന നിലയിൽ ഒരു വിദൂഷകനെയാണാഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾ വല്ല പരിചയക്കാരെയോ അളിയന്മാരെയോ ഒക്കെ വിളിക്കൂ, നടക്കട്ടെ.

അപ്പൊ പിന്നെ,
തിരുപ്പതിയായി സലിംകുമാരേട്ടാ...
ഇനിയും വരില്ലേ ഇതിലേ മനുഷ്യാവകാശത്തെയും തെളിച്ചുകൊണ്ട്‌?

എന്ന്,

വിവരവും മനുഷ്യസ്നേഹവും ഇത്തിരി കുറവുള്ള
ഒരു സാദാ ഹോമിയോപ്പതി ഡോക്ടർ.

No comments:

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം