ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

October 22, 2015

"എന്നു സ്വന്തം കാഞ്ചനമാല"

പുറത്തുപോയി സിനിമ കാണൽ നടന്നിട്ടു കുറേയായി. (ഹോമിയോപ്പതി ഉദ്ധരിക്കാൻ നടന്ന് കുടുംബം നോക്കാൻ പോലും പറ്റാത്തപ്പഴാ ഒരു സിനിമ, കാര്യങ്ങളുടെ പോക്കു കാണുമ്പൊ കുടുംബവും സിനിമയും തന്നെയാണു നല്ലതെന്നതു വേറെ കാര്യം). പ്രേമം കാണാത്ത അപൂർവം മലയാളികളിൽ പെടും ഞാനും എന്റെ കെട്ട്യോളും. (അങ്ങനെ പടം കണ്ടു പ്രേമിക്കണ്ട കാര്യൊന്നും ഞമ്മക്കില്ലാത്തോണ്ടല്ല :-p ടൈം കിട്ടണ്ടേ). അതിനി ആവർത്തിച്ച് മൊയ്തീൻ കാണാത്ത രണ്ടേ രണ്ടു മലയാളികളായി മാറേണ്ട എന്നു കരുതി ഇന്നലെ വിട്ടു, തിരൂർ ഖയ്യാമിലേക്ക്. ക്ലാസ് മേറ്റ്സും ദൃശ്യവും (പ്രേമത്തിനും ഉണ്ടായിരിക്കും) കഴിഞ്ഞ ശേഷം തിരൂരിൽ സ്ത്രീകൾ ഇത്രയും ഇടിച്ചുകയറിയ സിനിമ വേറെ അടുത്ത കാലത്തൊന്നും ഉണ്ടായിക്കാണില്ല. നല്ല തിരക്ക്. കഥ ആദ്യമേ അറിയാവുന്നതായ പടങ്ങൾ നമ്മളെപ്പോഴും ഒരു മുൻ വിധിയോടെയായിരിക്കും കാണുന്നത് (അല്ലാത്തതും). അതുകൊണ്ടു തന്നെ "യെവനീ കഥ എങ്ങനെ എടുത്തുകാണും" എന്നൊരു ബുദ്ധിജീവിനാട്യം നമുക്കു വേണല്ലോ, സിനിമയെടുപ്പിനെപ്പറ്റി ഒരു ചുക്കും അറിയില്ലെങ്കിലും. ആ ടിപ്പിക്കൽ മലയാളി പുച്ഛത്തിൽ കണ്ടു തുടങ്ങി.
നല്ല സിനിമ. ("അതിനി നിങ്ങ പറഞ്ഞിട്ടു വേണാ? നുമ്മ റിലീസിനേ കണ്ട് ബ്രോ" എന്നു മനസിൽ പറഞ്ഞ മച്ചാന്മാരു ക്ഷമി, നുമ്മ ഒന്നെഴുതട്ട്). മൊയ്തീന്റെ അനശ്വരത സൂചിപ്പിക്കാനായിരിക്കും "എന്ന് സ്വന്തം മൊയ്തീൻ" എന്ന് പേരിട്ടതെങ്കിലും അത് തീർച്ചയായും കാഞ്ചനമാലയുടെ സിനിമയാണ്. പൃഥീരാജ് എന്ന സൂപ്പർതാരത്തിന്റെ മൊയ്തീനിൽ നിന്നും സുന്ദരമായി, മൃദുവായി പാർവതിയെന്ന താരതമ്യേന ശ്രദ്ധിക്കപ്പെടാത്ത നടി (സൈറ ഉൾപ്പെടെ ചില കഥാപാത്രങ്ങൾക്കപ്പുറം) കാഞ്ചനമാലയെ പിടിച്ചെടുത്തിരിക്കുന്നു. ആ നടിയെ അതിൽ കാണുന്നേയില്ല. മുൻപവതരിപ്പിച്ച കഥാപാത്രങ്ങളും ഓർമ വരുന്നില്ല. കാണുന്നത് കാഞ്ചനമാലയെ മാത്രം. അതുപോലെ ലെനയും തകർത്തു. ഒട്ടു മിക്ക അഭിനേതാക്കളെയും വളരെ കൃത്യമായി കഥാപാത്രങ്ങൾക്കനുസൃതമായി തെരഞ്ഞെടുത്തതും അവരെല്ലാം തന്നെ മികച്ച അഭിനയം കാഴ്ചവെച്ചതും തന്നെയാണീ ചിത്രത്തിന്റെ വിജയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു സംഭവകഥ സിനിമയാക്കുന്നത് വിജയിക്കണമെങ്കിൽ അതും ഒപ്പം അവതരണത്തിലെ പുതുമയും കൂടിയേ തീരൂ. രണ്ടിലും വിമൽ എന്ന പുതുമുഖ സംവിധായകൻ വിജയിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഏറേക്കാലത്തെ ഹോം വർക്ക് പാഴായില്ല. ആദ്യ ചിത്രം തപസ്യ പോലെ മനസിൽ ഏറെക്കാലം കൊണ്ടുനടന്ന് വൻ വിജയമാക്കി ആ ഒരു ചിത്രം തന്നെ മാസ്റ്റർപീസാക്കി പിന്നീട് ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില പുതുമുഖ സംവിധായകരെപ്പോലെയാവാതിരിക്കട്ടെ അദ്ദേഹം എന്ന് ആത്മാർത്ഥമായി നമുക്കാഗ്രഹിക്കാം. ഇനിയും ആ കഴിവ് മലയാളസിനിമക്കാവശ്യമുണ്ട്.
യഥാർത്ഥ കഥയോട് നീതി പുലർത്താൻ പറ്റിയില്ലെന്ന ചില ചെറിയ വിമർശനങ്ങളൊക്കെ എവിടെയോ കണ്ടിരുന്നു. അതേപോലെയങ്ങ് എടുക്കാനാണേൽ പിന്നെ പുസ്തകം വായിച്ചാൽ പോരേ? എന്തിനാ സിനിമ? കുറച്ചൊക്കെ അതിഭാവുകത്വവും കാല്പനികതയും ഇല്ലാതെ - അവരുടെ ജീവിതത്തിൽ തന്നെ അതാവശ്യത്തിലധികമുണ്ടെങ്കിലും - ഒരു യഥാർത്ഥകഥയെങ്ങനെ സിനിമയാക്കും? എന്തായാലും സംവിധായകൻ പ്രാധാന്യം കൊടുത്തിട്ടുള്ളത് അവരുടെ പ്രണയത്തിനു മാത്രമാണ്. മറ്റെല്ലാം രണ്ടാമതു മാത്രം. മൊയ്തീന്റെ രാഷ്ട്രീയമുൾപ്പെടെ അല്പം കോമാളിക്കളിയാക്കിയെന്നാണു തോന്നിയത്. ഒരേകദേശ രൂപമല്ലാതെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ വായിച്ചറിഞ്ഞ പ്രത്യേകതകൾ മുഴുവനൊന്നും ചേർക്കാൻ ആദ്യപകുതിയിൽ സംവിധായകൻ ശ്രമിച്ചില്ലെന്നു തോന്നുന്നു. എന്നാൽ രണ്ടാം പകുതിയിൽ കേട്ടറിഞ്ഞ മൊയ്തീനെത്തന്നെ കാണാനും കഴിഞ്ഞു. പൃഥ്വീരാജ് അത് മികച്ചതാക്കിയിട്ടുണ്ട്. പക്ഷെ പ്രണയത്തിനും കാഞ്ചനക്കും പ്രാധാന്യം നൽകിയപ്പോൾ മൊയ്തീൻ പിന്നിൽ തന്നെ. അതുതന്നെയായിരുന്നു വേണ്ടതും. കാഞ്ചനമാലയെന്ന പ്രണയത്തിന്റെ ജീവിച്ചിരിക്കുന്ന നിത്യസ്മാരകത്തിനുള്ള അർഹിക്കുന്ന അംഗീകാരം.
എന്തായാലും മൊയ്തീൻ - കാഞ്ചനമാല പ്രണയത്തെക്കുറിച്ച് കേട്ടതൊക്കെ വെച്ച് അസൂയ തുളുമ്പുന്ന മനസ്സോടെ പറയട്ടെ, ഒക്കെ കെട്ടുകഥയാവും. ഒരു മനുഷ്യനിങ്ങനെയൊക്കെ പ്രേമിക്കാൻ പറ്റുമോ?
അതെ, അവർ ശരിക്കും മനുഷ്യരല്ല പ്രണയത്തിന്റെ മാലാഖമാരാണ്. വാൽ: ഒരു കാലത്ത് മലപ്പുറംകാർ മുഴുവൻ റിലീസ് ചിത്രങ്ങൾ കാണാൻ ഇടിച്ചുകയറിയിരുന്ന എന്റെ നാട് ഇപ്പോൾ തീയറ്ററിന്റെ കാര്യത്തിൽ ദാരിദ്ര്യത്തിലാണെന്ന് അല്പം ദുഃഖത്തോടെ തന്നെ പറയേണ്ടിയിരിക്കുന്നു. ആകെ അഞ്ചെണ്ണമുണ്ടായിരുന്നതിൽ വിശ്വാസ് നേരത്തെ പൂട്ടി. ചിത്രസാഗറും കുറച്ചായി അടഞ്ഞുകിടക്കുന്നു. പെരിന്തൽമണ്ണയിലും മഞ്ചേരിയിലും പൊന്നാനിയിലും എടപ്പാളിലും കോട്ടക്കലുമൊക്കെ മൾട്ടിപ്ലക്സുകളും മികച്ച തിയറ്ററുകളും ഉയർന്നപ്പോൾ എന്റെ തിരൂർ മാത്രം ഇങ്ങനെ.
"തീയറ്റർ വന്നാൽ നിങ്ങളിപ്പൊ എന്നേം കൊണ്ട് എല്ലാ പടത്തിനും പോയതു തന്നെ, പോയി ഐ.എച്ച്.കെ.യുടെ കാര്യം നോക്ക്, അതല്ലേ നിങ്ങക്ക് വലുത്"
:-o ആരോ എന്തോ പറഞ്ഞോ?
അപ്പൊ ശരി, ഞാൻ പോയിട്ടു വരാം, അശരീരി നേരിട്ട് വരുന്നതിനു മുൻപ്.

September 12, 2015

വൈദ്യശാസ്ത്രത്തിലെ നൈതികതയും ഹോമിയോപ്പതിയും

വൈദ്യശാസ്ത്രത്തിലെ നൈതികതയെക്കുറിച്ച് ആഗസ്റ്റ് ആദ്യലക്കം പച്ചക്കുതിരയിൽ എഴുത്തുകാരിയും അലോപ്പതി ഡോക്ടറുമായ ഡോ.ഖദീജ മുംതാസ് എഴുതിയ ലേഖനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ആ ലേഖനത്തിൽ പരാമർശിക്കപ്പെട്ട വാക്സിനേഷനെക്കുറിച്ചും സ്കാനിംഗ് പോലുള്ള രോഗനിർണയ രീതികളിലെ തട്ടിപ്പുകളെക്കുറിച്ചുമുള്ള സൂചനകൾ മാത്രമാണു കൂടുതലായി - സെൻസേഷണൽ ആവാൻ കൂടുതൽ സാദ്ധ്യത അവക്കാണെന്നതിനാലായിരിക്കാം - സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടത്. എന്നാൽ അവർ  അതിൽ സൂചിപ്പിച്ച ചില കാര്യങ്ങൾ ഹോമിയോപ്പതിയുടെ കണ്ണിലൂടെ നോക്കുമ്പോൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നതായി തോന്നി. ഒന്ന്, ലേഖനം തുടങ്ങുമ്പോൾ തന്നെ കുടുംബ ഡോക്ടർ എന്ന ആശയത്തെക്കുറിച്ച് പരാമർശിക്കുന്നത്. ഇന്ന് രോഗികൾ നേരിട്ട് സൂപ്പർസ്പെഷ്യാലിറ്റി കേന്ദ്രങ്ങൾ അന്വേഷിച്ച് പരക്കം പായുകയാണ്. പ്രാഥമികമായി ഒരു ഡോക്ടറെ കാണിച്ച് ആവശ്യമെങ്കിൽ റെഫർ ചെയ്യുന്ന രീതി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ആവശ്യമായ ഉപദേശങ്ങൾ സ്വീകരിക്കാനോ കച്ചവടക്കണ്ണോടെയുള്ള സൂപ്പർ സ്പെഷ്യാലിറ്റികൾ വഞ്ചിക്കപ്പെടുന്നില്ല എന്നുറപ്പു വരുത്താനോ പോലും ഇന്ന് കുടുംബ ഡോക്ടർമാർ എന്ന വംശം നാമാവശേഷമായിരിക്കുന്നു എന്ന അർത്ഥത്തിലാണവർ എഴുതിയിട്ടുള്ളത്. പക്ഷെ ഇന്ന് പൊതുസമൂഹത്തിൽ - പ്രത്യേകിച്ചും നഗരങ്ങൾ ഒഴിച്ചുള്ള പ്രദേശങ്ങളിൽ - ഒരു പരിധി വരെ ഹോമിയോപ്പതി ഡോക്ടർമാർ കുടുംബ ഡോക്ടർ എന്ന നിലയിലേക്ക് ഉയർന്നിരിക്കുന്നു എന്നാണു തോന്നുന്നത്. കുട്ടികളുടെ പനി ചികിത്സിക്കുന്ന ഡോക്ടർ എന്ന തീരെ പഴയ കാഴ്ചപ്പാട് വിട്ട് കുടുംബത്തിലെ എല്ലാവരുടെയും രോഗങ്ങൾക്കായി ആദ്യം സമീപിക്കുന്നത്, പല കുടുംബങ്ങളും, ആ നാട്ടിലെ ഹോമിയോപ്പതി ഡോക്ടർമാരെയായി മാറിയിട്ടുണ്ട്. ജനപക്ഷത്ത് നിന്ന് ചികിത്സിക്കുന്ന ഹോമിയോപ്പതി ഡോക്ടർമാർക്ക് ഈ സാഹചര്യത്തിൽ വൈദ്യശാസ്ത്രം കേവലം ഒരു ബിസിനസ് ആകുന്ന അവസ്ഥയെ ഒരു പരിധി വരെ ചെറുക്കാൻ കഴിഞ്ഞേക്കാം.
മറ്റൊരു കാര്യം അവർ സൂചിപ്പിക്കുന്നത് "ചികിത്സയിലെ നൈതികതയെയോ ഡോക്ടർ - രോഗി ബന്ധത്തിലെ ഭാവനാത്മകമായ ആത്മീയ തലത്തെപ്പറ്റിയോ സാമൂഹികമായ ഉത്തരവാദിത്തങ്ങളെപ്പറ്റിയോ പ്രത്യേകിച്ചൊരു അവബോധവും ഉണ്ടാക്കാത്ത വൈദ്യശാസ്ത്ര വിദ്യാഭ്യാസ രീതി"യെപ്പറ്റിയാണ്. അവർ അലോപ്പതി വിദ്യാഭ്യാസത്തെക്കുറിച്ചു മാത്രമാണു പറഞ്ഞതെന്നുറപ്പ്. കാരണം ഹോമിയോപ്പതിയുടെ അടിസ്ഥാനപ്രമാണങ്ങൾക്കൊപ്പം ഒരു ചികിത്സകൻ എങ്ങനെയായിരിക്കണം എന്നതിന്റെ നൈതികവും മനുഷ്യത്വപരവും സാമൂഹികപരവുമായ ഉദാത്തമായ കാഴ്ചപ്പാടുകൾ ഉൾക്കൊള്ളിച്ച് ഡോ.സാമുവൽ ഹാനിമാൻ രചിച്ച "ഓർഗനോൺ ഓഫ് മെഡിസിൻ" തന്നെയാണ് ഇന്നും ഹോമിയോപ്പതി വിദ്യാഭ്യാസത്തിന്റെ കാതൽ. (ഇന്നത്തെ ശാസ്ത്രം മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാടുകൾക്കനുസരിച്ച് ചിന്തിക്കുമ്പോൾ അതിലെ ചില കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിയില്ലെന്ന് ചിലർ പറയുന്നതിന് ഒരുകാലത്ത് ശാസ്ത്രത്തിനു തെളിയിക്കാൻ കഴിയാതിരുന്ന പലതും പിന്നീടു ശാസ്ത്രം തെളിയിച്ചു എന്നതുതന്നെയാണു മറുപടി). പക്ഷെ ആ ഗ്രന്ഥത്തിലെ ആദ്യ രണ്ട് അഫോറിസങ്ങൾ വിവരിക്കുന്നതിനപ്പുറം ഒരു ചികിത്സകൻ എങ്ങനെയായിരിക്കണം എന്നും ചികിത്സയുടെ പരമോന്നതമായ ലക്ഷ്യം എന്തായിരിക്കണമെന്നും ഉദ്ഘോഷിക്കുന്ന മറ്റൊരു രചന മറ്റെവിടെയും ലഭിക്കും എന്നു തോന്നുന്നില്ല.

അഫോറിസം 1 :

“ഡോക്ടറുടെ പരമോന്നതവും ഏകമാത്രവുമായ കർത്തവ്യം രോഗാവസ്ഥയിലായ മനുഷ്യനെ ആരോഗ്യമുള്ള അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നുള്ളതാണ്, അതിനെ രോഗശാന്തി എന്നു വിളിക്കാം.”

അഫോറിസം 2 : 
“തികച്ചും ഉൾക്കൊള്ളാവുന്ന തരത്തിലുള്ള തത്വങ്ങളുടെ അടിസ്ഥാനത്തിൽ കുറിയതും പരമാവധി  വിശ്വസനീയവും തികച്ചും ദോഷരഹിതവുമായ മാർഗത്തിലൂടെ ദ്രുതവും സൗമ്യവും ചിരസ്ഥായിയുമായ രീതിയിൽ ആരോഗ്യം പുനഃസ്ഥാപിക്കൽ, അല്ലെങ്കിൽ രോഗത്തിന്റെ പൂർണമായ രീതിയിലുള്ള നശീകരണം, അതാണു  രോഗശാന്തിയുടെ ഉദാത്തമായ ആദർശം”
 


 ഓർഗനോൺ ഓഫ് മെഡിസിൻ പഠിച്ച് പുറത്തിറങ്ങുന്നതു തന്നെയാണ് ഹോമിയോപ്പതി ചികിത്സകരിൽ ഉയർന്ന സാമൂഹ്യബോധവും താരതമ്യേന കുറഞ്ഞ കച്ചവടക്കണ്ണും - താരതമ്യേന കുറഞ്ഞ എന്നേ ഇന്നത്തെ മത്സരാധിഷ്ഠിത സമൂഹത്തിൽ പറയാനാകൂ എന്നതിൽ ക്ഷമിക്കുക - ഇത്തരത്തിൽ തത്വശാസ്ത്രാധിഷ്ഠിതമായ വിഷയങ്ങൾ പഠനവിധേയമാക്കാത്ത ചികിത്സാ ശാസ്ത്രങ്ങൾ പഠിച്ചു പുറത്തിറങ്ങുന്നവരെ അപേക്ഷിച്ച് വെളിവാകുന്നതിനു കാരണമാകുന്നത്.

ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്നു കൂടി അവർ സൂചിപ്പിക്കുന്നുണ്ട്. സ്പെഷ്യാലിറ്റിയും സൂപ്പർ സ്പെഷ്യാലിറ്റിയും വരുമ്പോൾ രോഗിയെ "ഖണ്ഡങ്ങൾ ആയി തിരിച്ച് പഠിക്കുകയും ആ ഖണ്ഡങ്ങളെ ഒന്നിപ്പിച്ചു വ്യക്തിയായി നിലനിർത്തുന്ന ഘടകത്തെ അവഗണിക്കുകയും ചെയ്യുന്നു" എന്നത്. രോഗിയുടെ ശരീരം വിവിധ വിദഗ്ദ്ധരാൽ റിപ്പയർ ചെയ്യേണ്ട ഒരുപകരണത്തിന്റെ നിലവാരത്തിലേക്കു മാറുന്നതായും അവർ പരിതപിക്കുന്നു. ഇവിടെയാണു ഹോമിയോപ്പതി വ്യത്യസ്തമാകുന്നത്. രോഗിയെ മുഴുവനായി - മനുഷ്യനായി - കണ്ട് രോഗങ്ങൾക്കുപരിയായി ശാരീരികാവസ്ഥയിലും മാനസികാവസ്ഥയിലും ജീവിതരീതിയിലും മൊത്തമായി വന്നിട്ടുള്ള വ്യത്യാസങ്ങൾ കണക്കിലെടുത്ത് ചികിത്സിക്കുന്നതാണു ഹോമിയോപ്പതിയുടെ രീതി. അതുകൊണ്ടുതന്നെയാണല്ലോ രോഗത്തെയല്ല രോഗിയെയാണു ചികിത്സിക്കുന്നത് എന്നു പറയപ്പെടുന്നത്. ഇത്തരത്തിൽ ഡോ.ഖദീജ മുംതാസിന്റെ ലേഖനത്തെ വായിക്കുമ്പോൾ ഇന്ന് ചികിത്സയുടെ നൈതികത ഉയർത്തിപ്പിടിക്കുന്ന ചികിത്സാരീതി ഹോമിയോപ്പതിയാണെന്നു മനസിലാക്കാൻ കഴിയും. സ്കാനിംഗ് ഉൾപ്പെടെയുള്ള രോഗനിർണയ രീതികളിൽ നടമാടുന്ന തട്ടിപ്പുകൾ അവർ തുറന്നെഴുതുന്നതൊക്കെതന്നെ ഇന്ന് ശാസ്ത്രീയം എന്ന് കൂടുതൽ കൂടുതൽ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നവർ ശാസ്ത്രത്തെ കേവലം ഒരു മറയാക്കി കീശ വീർപ്പിക്കുന്നു എന്നതിന്റെ തെളിവാണ്. അത്തരം അരമനരഹസ്യങ്ങൾ അങ്ങാടിപ്പാട്ടാകാതിരിക്കാൻ ആ ചികിത്സാ ബിസിനസ്സിന്റെ മേലാളന്മാർ എടുക്കുന്ന മുൻ കരുതൽ തന്നെയാണ് സ്കാനിംഗും മറ്റും തങ്ങളുടെ കുത്തകയാക്കാൻ അവർ നടത്തുന്ന ശ്രമം. ആ കച്ചവടത്തിന്റെ മറ്റൊരു വശമാവാനല്ല, മറിച്ച് ചികിത്സയിലെ നൈതികത നിലനിർത്തി രോഗാതുരമായ സമൂഹത്തിനു ആശ്വാസമാവുന്ന, സാധാരണക്കാരന്റെ ജീവിതത്തിനു താങ്ങായി നിൽക്കുന്ന വൈദ്യശാസ്ത്രമായി ഹോമിയോപ്പതിയെ മുന്നോട്ടുകൊണ്ടുപോകാൻ തന്നെയാണു ഹോമിയോപ്പതി ചികിത്സകർ ശ്രമിക്കേണ്ടത്. സാധാരണക്കാരന്റെ ചികിത്സയായാണു ഹോമിയോപ്പതി ഇവിടെ വളർന്നുവന്നിട്ടുള്ളത്. ചികിത്സകന്റെ ജീവിതസാഹചര്യത്തിലും ചികിത്സയുടെ ചെലവിലും സംജാതമായിട്ടുള്ള കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുതന്നെ മനുഷ്യനെ സ്നേഹിക്കുന്ന ചികിത്സാരീതിയായി ഹോമിയോപ്പതി മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.

April 24, 2015

"ഇജ്ജ് നല്ല മനുസ്യനാവാൻ നോക്ക്..."

ഇന്നലെ രാവിലെ ആ ചെറുപ്പക്കാരൻ കടത്തിണ്ണയിലിരുന്ന് മാതൃഭൂമി പത്രം ഉറക്കെ വായിക്കുകയായിരുന്നു. അതൊന്നും കേൾക്കാതെ സൊറ പറയുകയായിരുന്നു രാമേട്ടൻ. അപ്പോഴാണ് രാമേട്ടന്റെ കവിളിൽ ഒരു കൊതുക് കടിക്കുന്നത്. നല്ല മുട്ടൻ കൊതുക്. അടുത്തിരുന്ന് അതു കണ്ട കോയക്കാക്ക് സഹിച്ചില്ല. ഇപ്പോ മാതൃഭൂമി വായിച്ചു കേട്ടതേയുള്ളൂ. ഇപ്പോഴൊക്കെയല്ലേ നമ്മൾ മതസൗഹാർദ്ദം ഉയർത്തിപ്പിടിക്കേണ്ടത്. ഒന്നും ആലോചിക്കാതെ കൊടുത്തു ഒറ്റ അടി, രാമേട്ടന്റെ കവിളിൽ.
സൊറ പറച്ചിലിന്റെ അന്തരീക്ഷം പെട്ടെന്ന് കലാപ കലുഷിതമായി. ഒരു ഹിന്ദുവിന്റെ മുഖത്ത് മുസ്ലിം അടിക്കുകയോ? പരിസര വാസികൾ രണ്ടു സംഘമായി മാറി. വടിവാളും കൊടുവാളും കൊണ്ട് വെട്ടിത്തുടങ്ങി. അധികം വൈകാതെ എല്ലാരും തട്ടിപ്പോയി.
പത്രം വായിച്ച ചെറുപ്പക്കാരനും പത്രത്തിലെഴുതിയ മദ്ധ്യവസ്കനും പിറ്റേന്ന് തന്നെ പി.ഡബ്യു.ഡി വിളിച്ച് ഒരവാർഡും കൊടുത്ത്.
(ഇന്നലത്തെ ചർച്ചകൾ കണ്ടപ്പോൾ ഹൈസ്കൂൾ മലയാളം ക്ലാസിലെ ഒരു ഗുസ്തി നോട്ടീസ് വായനയിലേക്ക് മനസ്സു പോയി, കേശവദേവിന്റെ കഥ)
ഈയിടെയായി കൃഷ്ണ വേഷം കെട്ടിയ കുഞ്ഞിനെയും കൊണ്ടു പോകുന്ന പർദക്കാരിയുടെയും കുറിയും കൊന്തയും തൊപ്പിയുമിട്ട് കെട്ടിപ്പിടിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെയും രണ്ടു അയ്യപ്പന്മാർക്കിടയിൽ ഇരിക്കുന്ന മുസ്ലിം യുവാവിന്റെയുമൊക്കെ ഫോട്ടോകൾ എന്തോ വലിയ മഹത്തായ അത്ഭുതം സംഭവിച്ചതുപോലെ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്നത് കാണുന്നു. എന്താണിവരൊക്കെ ഉദ്ദേശിക്കുന്നത്? ഇവിടെ വ്യത്യസ്ത മതത്തിൽ പെട്ടവർ കടിച്ചു കീറിക്കൊണ്ടിരിക്കയാണോ? പരസ്പരം സംസാരിക്കാനോ അടുത്തിരിക്കാനോ പോലും കഴിയാത്തത്ര അകൽച്ചയിലാണോ അവർ? ഇവിടെ മനുഷ്യർ പരസ്പരം അടുത്തു പെരുമാറുന്നതോ ദൈനംദിന ആവശ്യങ്ങൾക്കായി ബന്ധപ്പെടുന്നതോ സൗഹൃദത്തിലേർപ്പെടുന്നതോ മതവും ജാതിയും നോക്കിയാണോ? എനിക്കിതുവരെ അനുഭവപ്പെട്ടിട്ടില്ല. അങ്ങനെയുള്ളവർ ഇല്ലെന്നല്ല, എല്ലാറ്റിനെയും മതത്തിന്റെയും ജാതിയുടെയും പേരിൽ കാണുന്ന വിഷജന്തുക്കളും ഇവിടെയുണ്ട്, കുറഞ്ഞ അളവിൽ. പക്ഷെ ബഹുഭൂരിപക്ഷം പേരും ജാതിക്കും മതത്തിനും ഉപരിയായി ചിന്തിക്കുന്ന നാട്ടിൽ ആ ചിന്താഗതിയെ എന്തോ മഹാത്ഭുതം സംഭവിക്കുന്ന മട്ടിൽ അപൂർവ കാഴ്ചയായി ചിത്രീകരിച്ച് പ്രചരിപ്പിക്കലാണ് യഥാർത്ഥ വർഗീയ ചിന്താഗതി. അതൊക്കെ ഇവിടെ സ്വാഭാവികമായി നടക്കുന്ന കാര്യങ്ങളാണെന്നും മനുഷ്യൻ മനുഷ്യനെ വർഗീയമായി കണ്ട് തമ്മിൽ തല്ലുന്ന സംഭവങ്ങളെയാണ് അപൂർവമായ വിഡ്ഢിത്തമായി കണ്ട് തള്ളിപ്പറയേണ്ടതും അത് പിന്തുടരരുതെന്ന് പ്രചരിപ്പിക്കേണ്ടതും.
ആപത്തിൽ പെടുന്ന ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ രക്ഷിക്കുന്നത് സ്വാഭാവികം. അത് ഒരു മനുഷ്യൻ തന്റെ സഹജീവിയോടു കാണിക്കുന്ന സ്നേഹം. അവർ രണ്ടു മതത്തിലാണെന്നത് പൊലിപ്പിച്ച് കാണിച്ച് ആ സഹജീവിസ്നേഹത്തെ മതസൗഹാർദ്ദത്തിന്റെ മകുടോദാഹരണമായി വളച്ചൊടിച്ച് എഴുതുന്നവരോടും പ്രസിദ്ധീകരിക്കുന്നവരോടും അത് വായിച്ച് ആനന്ദ നിർവൃതിയടയുന്നവരോടും ഒന്നേ പറയാനുള്ളൂ..
"ഇജ്ജ് നല്ല മനുസ്യനാവാൻ നോക്ക്..."

March 31, 2015

ആദ്യവിദ്യാലയ തിരുമുറ്റത്ത്

ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ഒരു ദിവസമായിരുന്നു ഇന്നലെ. ഒരുപാടോർമ്മകൾ ഓടിയെത്തി മനസ് വികാരനിർഭരമായ ഒരു സായാഹ്നം. എന്റെ പഴയ സ്കൂളിന്റെ വാർഷികം.
ഞാൻ നാലു വരെ പഠിച്ച, അമ്മയും അച്ഛനും പഠിപ്പിച്ച (പെറ്റമ്മയുടെ ചേച്ചിയും ഭർത്താവും ആണെങ്കിലും എനിക്കാറുമാസമുള്ളപ്പോൾ പെറ്റമ്മ ഭൂമിയിൽ നിന്നകന്നശേഷം വളർത്തി വലുതാക്കിയ അവരെ അച്ഛനും അമ്മയുമെന്നാണു ഞാൻ വിളിച്ചിരുന്നതും കരുതിയിരുന്നതും) സ്കൂളിന്റെ 105ആം വാർഷികാഘോഷവും അമ്മ 1990ൽ റിട്ടയർ ചെയ്ത ശേഷം പ്രധാനാദ്ധ്യാപികാ പദമേറ്റെടുത്ത് സുദീർഘമായ 25 വർഷത്തോളം ആ സ്ഥാനത്തിരുന്നു 35 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പ്രിയ അദ്ധ്യാപിക റസിയട്ടീച്ചറുടെ യാത്രയയപ്പും ചേർന്ന ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചപ്പോൾ ഒന്നു പോയി തലകാണിച്ച് വൈകാതെ ക്ലിനിക്കിൽ എത്തണമെന്നേ കരുതിയിരുന്നുള്ളൂ. പക്ഷെ "പരിപാടിയിൽ പങ്കെടുത്തിട്ടേ പോകാവൂ" എന്ന് സ്നേഹപൂർവം ടീച്ചർ നിർബന്ധിക്കുന്നതിനു മുൻപു തന്നെ, ആ ഗൃഹാതുരമായ ഓർമ്മകൾ പാറിനടക്കുന്ന അന്തരീക്ഷത്തിൽ ലയിച്ചു ചേർന്നപ്പോൾ തന്നെ മനസ്സു തീരുമാനിച്ചിരുന്നു ആ മഹത്തായ മുഹൂർത്തത്തിന്റെ ഭാഗമാവാൻ.
ടീച്ചറുടെ മകൻ എന്നത് സ്കൂളിലെ പഠനകാലത്ത് ഏറെ ഗുണങ്ങളും അതുപോലെ തന്നെ ദോഷങ്ങളുമുള്ള ഒരവസ്ഥയാണെന്ന് അനുഭവിച്ചവർക്കറിയാം. എപ്പോഴും കുറേ ജോഡി കണ്ണുകൾ നമുക്കൊപ്പം ഉണ്ടാകും. അതുകൊണ്ടു തന്നെ ആ സ്റ്റാഫ് റൂമിൽ ഇരുന്നപ്പോൾ ഒരു സാധാരണ വിദ്യാർത്ഥിക്കുണ്ടാവുന്നതിൽ കൂടുതൽ ഓർക്കാനുണ്ടായിരുന്നു. ഞാൻ പഠിച്ചിരുന്ന കാലത്തെ അദ്ധ്യാപകരിൽ അവസാന കണ്ണിയാണ് റസിയട്ടീച്ചർ. എന്റെ അമ്മയെയും അമ്മക്കു മുൻപ് പ്രധാനാദ്ധ്യാപികയായിരുന്ന ആമിനുട്ടീച്ചറെയും അമ്മയെപ്പോലെ കരുതിയിരുന്ന ടീച്ചർ. ടീച്ചർ കൂടി പോകുന്നതോടെ ആ സ്കൂളുമായുള്ള ബന്ധം ഒരു പരിധിവരെ ഇല്ലാതായേക്കാം. സ്കൂളിൽ സുമതിട്ടീച്ചറായിരുന്നു എല്ലാ ക്ലാസിലും ക്ലാസ് ടീച്ചർ. പിന്നെ അറബി പഠിപ്പിച്ചിരുന്ന സുഹറ ടീച്ചർ. ആഴ്ചയിൽ മൂന്നു ദിവസമോ മറ്റോ തുന്നൽ പഠിപ്പിക്കാൻ വരുന്ന കുഞ്ഞമ്മട്ടീച്ചർ. അതായിരുന്നു അന്ന് അവിടുത്തെ ഉദ്യോഗസ്ഥവൃന്ദം.
1984 മുതലുള്ള നാലു വർഷങ്ങൾ. വാഹനസൗകര്യം കുറവുള്ള അക്കാലത്ത് രാവിലെ വീട്ടിൽ നിന്നും തിരൂരിലേക്കുള്ള ബസ്സിലെ തിരക്കുള്ള യാത്ര. അവിടെ നിന്നും "കറുമണ്ണിൽ" എന്ന ഒരു ബസ് മാത്രമായിരുന്നു സ്കൂളിന്റെ റൂട്ടിൽ സർവീസ് നടത്തിയിരുന്നതെന്നു ഞാനോർക്കുന്നു. അതു കിട്ടിയില്ലെങ്കിൽ പാരലൽ സർവീസ് നടത്തുന്ന ജീപ്പിൽ - പലപ്പോഴും ഡോറിൽ എന്നെ മടിയിൽ വെച്ചിരുന്ന് - അമ്മ നടത്തിയിരുന്ന യാത്ര. അന്നത്തെ സ്ഥിരം സഹയാത്രികയായിരുന്നു പിന്നീടു മലപ്പുറം ജില്ലാ പ്രസിഡന്റായ അഡ്വ.കെ.പി.മറിയുമ്മ. വേറെയും കുറേ അദ്ധ്യാപികമാരുമുണ്ടായിരുന്നു. അമ്മക്കു സീറ്റ് കിട്ടിയില്ലെങ്കിൽ അവരുടെ എല്ലാം മടിയിൽ മാറി മാറി എന്നെയിരുത്തും. പിന്നീട് വലിയപറമ്പിലെ സ്റ്റോപ്പിൽ ഇറങ്ങി ചെളി നിറഞ്ഞ പഞ്ചായത്ത് റോഡിലൂടെ കുറച്ചു നടക്കണം. അല്ലെങ്കിൽ മുകളിലെ സ്റ്റോപ്പിൽ ഇറങ്ങി ഇടുങ്ങിയ ഇടവഴിയിലൂടെ പാമ്പോ മറ്റോ ഉണ്ടോ എന്നു ശ്രദ്ധിച്ചു നടക്കണം. അതൊരു കാലം.


"അമ്മട്ടീച്ചർ" - അങ്ങനെയായിരുന്നു എന്റെ അമ്മയെ ആ സ്കൂളിലെ കുട്ടികളെല്ലാം വിളിച്ചിരുന്നത്, നാട്ടുകാരും. ലക്ഷ്മിക്കുട്ടിട്ടീച്ചർ എന്ന പേർ ആർക്കും ഓർമ്മയില്ല, അല്ലെങ്കിൽ മനഃപൂർവം അവർ അതു മറന്ന് എന്റെ അമ്മക്ക് അവരുടെ അമ്മയുടെ സ്ഥാനം കൊടുത്തിരുന്നു. 36 വർഷക്കാലം ആ സ്കൂളിനെ സ്വന്തം ജീവിതത്തിന്റെ ഭാഗമായി കരുതി ജോലി ചെയ്ത അമ്മക്ക് ആ നാടിലെ മുഴുവൻ പേരുടെയും അമ്മയുടെ സ്ഥാനത്തിരിക്കാൻ ഇന്നും കഴിയുന്നു എന്നത് ഇന്നലെ ആ നാട്ടിലെ കാരണവന്മാരും മദ്ധ്യവയസ്കരുമായവർ എന്റെ കൈ പിടിച്ച് വികാരനിർഭരമായി "അമ്മട്ടീച്ചർ ഞങ്ങളുടെ അമ്മ തന്നെയായിരുന്നു" എന്നു പറഞ്ഞപ്പോൾ ഞാൻ ഹൃദയംകൊണ്ട് തൊട്ടറിയുകയായിരുന്നു.
ഒരു നിയോഗം പോലെ ഞാനിന്നു ജോലി ചെയ്യുന്നത് അതേ വളവന്നൂർ പഞ്ചായത്തിലെ അതേ വാർഡിൽ സ്ഥിതിചെയ്യുന്ന ഹോമിയോ ഡിസ്പെൻസറിയിലാണ്. ഏതാനും മാസം മുൻപ് അങ്ങോട്ട് സ്ഥലം മാറ്റം ലഭിച്ചത് ഒരു പക്ഷേ ഈ വാർഷികത്തിൽ പങ്കെടുത്ത് ആ സ്കൂൾ കെട്ടിടം ഇല്ലാതാകുന്നതിനു മുൻപ് ആ മണ്ണിൽ എന്റെ കാലുകൾ സ്പർശിക്കണമെന്ന, തുടർന്നും എന്തെങ്കിലും തരത്തിൽ സ്കൂളുമായുള്ള ബന്ധം എനിക്കു തുടരാൻ കഴിയണമെന്ന അമ്മയുടെ ആഗ്രഹമാകാം. അതിനു സാധിച്ചത് എന്റെ മഹാഭാഗ്യവും.
ഡിസ്പെൻസറിയിൽ ചാർജെടുത്ത ശേഷം ആ നാട്ടിൽ നിന്നും വരുന്നവരോടൊക്കെ ഞാൻ ചോദിക്കും, "സ്കൂളിനടുത്താണോ? എന്റെ അമ്മ അവിടെ പഠിപ്പിച്ചിരുന്നു, അറിയുമോ" എന്ന്. കൂടുതലും സ്ത്രീകളായതിനാൽ - ആ ഭാഗത്തേക്ക് വിവാഹം കഴിഞ്ഞു വന്നവർ - അവർക്ക് അമ്മയെ അറിയില്ലായിരുന്നു. അതുകൊണ്ട് ആ ബന്ധത്തിന്റെ ഊഷ്മളത എനിക്ക് അനുഭവവേദ്യമായിരുന്നില്ല. പക്ഷെ ഇന്നലെ എന്നെ സ്റ്റേജിൽ പ്രസംഗിക്കാൻ ക്ഷണിച്ചപ്പോൾ ഏതോ ഒരു ഡോക്ടർ എന്നോ പഞ്ചായത്ത് ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ എന്നോ മാത്രം കരുതിയിരുന്ന നാട്ടുകാരിൽ പലരും ഞാൻ പ്രസംഗമദ്ധ്യേ ആ സ്കൂളിലെ പൂർവാദ്ധ്യാപിക അമ്മട്ടീച്ചറുടെ മകനാണെന്നു സൂചിപ്പിച്ചശേഷം പരിപാടി കഴിഞ്ഞ ഉടൻ തന്നെ സ്റ്റേജിൽ കയറിവന്നും താഴെ സദസ്സിലൂടെ ഞാൻ നടന്നു നീങ്ങിയപ്പോഴും എന്റെ കരം ഗ്രഹിച്ച് എന്റെ അമ്മയോടുള്ള സ്നേഹവായ്പ് പ്രകടിപ്പിച്ചപ്പോൾ ഞാനറിഞ്ഞു ആദ്യാക്ഷരം പഠിപ്പിച്ച അദ്ധ്യാപികക്ക് ഒരു നാട് - ഒരു പക്ഷേ ഒരു പഴയ നാട് - നൽകുന്ന ബഹുമാനവും നന്ദിയും എന്താണെന്ന്.
അതോടൊപ്പം തന്നെ എന്റെ സുഹൃത്തുക്കളോട് അഭിമാനത്തോടെ ഉറക്കെ വിളിച്ചുപറയാനും ഞാൻ ആഗ്രഹിക്കുന്നു, ഈ സാധാരണ സർക്കാർ വിദ്യാലയത്തിന്റെയും അതുപോലുള്ള മറ്റു രണ്ട് വിദ്യാലയങ്ങളുടെയും - ജി.എം.യു.പി.സ്കൂൾ ബി.പി.അങ്ങാടി(കോട്ടത്തറ), തിരൂർ ഗവ.ബോയ്സ് ഹൈസ്കൂൾ - പരിമിതികൾക്കുള്ളിൽ നിന്നാണു ഞാൻ പഠിച്ചത് എന്ന്. വരേണ്യതയുടെ പൊടിപ്പും തൊങ്ങലും വെച്ച് അടവെച്ചു വിരിയിച്ച ഒരു ബ്രോയിലർ വിദ്യാർത്ഥിയല്ല ഞാനെന്ന്, അതുകൊണ്ടുതന്നെ ഒരു സാധാരണക്കാരനായി സാധാരണക്കാരന്റെ രാഷ്ട്രീയ - സാമൂഹ്യ പശ്ചാത്തലം ഉൾക്കൊണ്ട്, നാടിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയത്തിൽ ശരീരത്തെയും ചിന്തയെയും ഇടപെടുത്തിക്കൊണ്ട് ജീവിക്കാനേ എനിക്കറിയൂ എന്ന്.


ആ സ്കൂൾ കെട്ടിടം ഉടൻ ഇല്ലാതാകാൻ പോകുകയാണ്. 105 വർഷത്തിന്റെ ജരാനരകൾ അവശേഷിക്കുന്ന ആ കെട്ടിടം പൊളിച്ചുനീക്കുകയാണ്. പുതിയ കെട്ടിടം നാട്ടുകാരുടെ പൂർണ സഹകരണത്തോടെ ഉയർന്നുവരുന്നു. 105 വർഷക്കാലമെന്നത് ഏറെ നീണ്ട ഒരു കാലയളവാണ്. അൺ എയ്ഡഡ് - ഇംഗ്ലീഷ് മീഡിയം - സി.ബി.എസ്.ഇ വിദ്യാലയങ്ങൾ അരങ്ങു തകർത്ത് വാഴുന്ന ഇക്കാലത്ത് ഇടറി വീഴുന്ന പ്രായം ചെന്ന പ്രാഥമിക വിദ്യാലയങ്ങൾ നിരവധി. ഇതിനിടയിലും ആ സ്കൂൾ നിലനിന്നു എന്നത് - ഇടക്കാലത്ത് നിരവധി പ്രശ്നങ്ങൾ നേരിട്ടതിനെക്കുറിച്ച് മറ്റു പ്രാസംഗികരുടെ വാക്കുകളിൽ നിന്നു മനസ്സിലാക്കാൻ കഴിഞ്ഞു - ആ നാട്ടുകാരുടെ നല്ല മനസിന്റെ മകുടോദാഹരണമാണ്. ഒരു ഗ്രാമീണ വിദ്യാലയം, ഒരു നാടിനു മുഴുവൻ അറിവു പകർന്നൊരു സാംസ്കാരിക കേന്ദ്രം നാട്ടുകാർ മുൻ കൈ എടുത്ത് പുനരുജ്ജീവിപ്പിച്ചത് ഞാൻ നേരിട്ടറിഞ്ഞു. ഏതോരു ദൈവികവും ആത്മീയവുമായ കാര്യത്തേക്കാളും മഹത്തരമായ പുണ്യകർമ്മമാണവർ ചെയ്യുന്നത്. അക്ഷരമാണു ദൈവം. അറിവാണു വെളിച്ചം. ആ തിരിച്ചറിവ് ആ നല്ലവരായ നാട്ടുകാർക്ക് എക്കാലത്തും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
ഞാൻ ആദ്യാക്ഷരം കുറിച്ച, എന്റെ അമ്മ 36 വർഷം നെഞ്ചോടു ചേർത്ത ആ വിദ്യാലയത്തിന് - വാരണാക്കര എ.എം.എൽ.പി. സ്കൂളിന് - ഞാൻ എന്തു പകരം നൽകും ഗുരുദക്ഷിണയായി എന്നറിയില്ല. എങ്കിലും അമ്മയുടെ ഓർമ്മക്ക് ആ സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ വരവിന്റെ ഭാഗമായി എന്തെങ്കിലും നൽകാൻ കഴിയണമെന്നു ഞാൻ ആശിക്കുന്നു. പഴയ തലമുറയുടെ മനസിൽ ജീവിക്കുന്ന അമ്മ പുതിയ തലമുറയുടെ ദൃഷ്ടികളിലും കൂടി നിലനിൽക്കട്ടെ.
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം