ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

May 19, 2011

ഡോ.ബിജു - അവാര്‍ഡിലേക്കുള്ള വഴി.


കേരളത്തിന്‌ അവാര്‍ഡുകളുടെ പെരുമഴ ലഭിച്ചു എന്നതിനൊപ്പം ഞങ്ങള്‍ ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്ക് സ്വകാര്യമായി അഹങ്കരിക്കാന്‍ കൂടി വക നല്‍കുന്നതാണ് ഇത്തവണത്തെ ദേശീയ സിനിമാ അവാര്‍ഡ്. ഞങ്ങളിലൊരാളായ ഡോ.ഡി.ബിജുകുമാര്‍ സംവിധാനം ചെയ്ത മൂന്നാമത് കഥാ ചിത്രമായ "വീട്ടിലേക്കുള്ള വഴി" മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.


പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഡോ.ബിജുവിനെ പരിചയപ്പെടുന്നത്. അന്ന് ഈയുള്ളവന്‍ കോഴിക്കോട് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയായിരുന്നു. ക്യാമ്പസില്‍ ശുഭ്രപതാക പിടിച്ചിരുന്നതോടൊപ്പം "റിനൈസന്‍സ്" എന്ന പേരിലുള്ള ഒരു കലാസാംസ്കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കാലത്താണ് അവിടെ ഗ്രേഡഡ് ബി.എച്ച്.എം.എസ്‌ കോഴ്സിനു പഠിച്ചിരുന്ന ഡോ.പി.ജി.ഹരി (ഇപ്പോള്‍ വലിയ പുലിയാണ്. പോളിയോ വാക്സിനെതിരെയുള്ള പ്രവര്‍ത്തനങ്ങളിലും ജനകീയ ആരോഗ്യ രംഗത്തും ഏറെ ശ്രദ്ധിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടു വയനാട്ടില്‍ പ്രാക്ടീസ് ചെയ്യുന്നു.) തന്റെ പഴയ സഹപാഠി ആയ ഡോ.ബിജുവിനെ പരിചയപ്പെടുത്തിയത്. ബിജു അന്ന് തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളേജില്‍ അതേ കോഴ്സിനു പഠിക്കുന്നു. ആയിടെ ബിജുവിനെ കുറിച്ച് എവിടെയോ കേട്ടത് ഞാന്‍ ഓര്‍ത്തു... മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായ "പ്രണയകാലം" സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു. ഇന്നത്തെ പ്രശസ്ത സംവിധായകന്റെ ആദ്യസംരംഭം. ആ ചിത്രം റിനൈസന്‍സിന്റെ ആഭിമുഖ്യത്തില്‍ ഞങ്ങളുടെ ക്യാമ്പസില്‍ പ്രദര്‍ശിപ്പിക്കാം എന്ന നിര്‍ദേശം വെച്ചത് ഹരി ഡോക്ടറായിരുന്നു. ഞങ്ങള്‍ക്ക് ഏറെയൊന്നും ആലോചിക്കേണ്ടി വന്നില്ല. പ്രണയവും മനുഷ്യബന്ധങ്ങളും നൈമിഷികവും മാംസനിബദ്ധവും സ്വാര്‍ത്ഥവും ആയി മാറുന്ന ആഗോളവല്‍ക്കരണ കാലത്തെ ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ മാറുന്ന ക്യാമ്പസിന്റെയും മാറുന്ന മനുഷ്യമനസ്സിന്റെയും മുഖം അവതരിപ്പിക്കുന്ന ആ കൊച്ചു ചിത്രം ഞങ്ങള്‍ പ്രദര്‍ശിപ്പിച്ചു. നായകന്‍ ഷാരൂഖ് ഖാനും നായിക മാധുരിയും അല്ലാത്തത് കൊണ്ടും അടിപൊളി ഗാനങ്ങളും നൃത്ത ചുവടുകളും ഇല്ലാത്തത് കൊണ്ടും ആ പ്രൊഫഷണല്‍ ക്യാമ്പസില്‍ ഒരു ന്യൂനപക്ഷത്തില്‍ ഒതുങ്ങി നിന്നു ആസ്വാദനം. എങ്കിലും ഞങ്ങള്‍ ഏറെ അഭിമാനിച്ചിരുന്നു അതിനു അവസരം ഒരുക്കാന്‍ സാധിച്ചതില്‍. (അന്ന് സാമ്പത്തിക സഹായം തന്നത് ഡോ.ഹരിയുടെ കൂടെ ഗ്രേഡഡ് ക്ലാസിലുണ്ടായിരുന്ന ഡോ.ഉമ്മര്‍ അലി - ഇപ്പോള്‍ പെരുമ്പിലാവില്‍ പ്രാക്ടീസ് ചെയ്യുന്നു - ആയിരുന്നു എന്നാണോര്‍മ്മ. ബാക്കി ഞങ്ങള്‍ ചോറുണ്ണാതെ ഒപ്പിച്ചെടുത്തു! ) അതിനു ശേഷവും പലപ്പോഴും ഡോ.ബിജുവിനെ കാണാന്‍ അവസരം ലഭിച്ചിരുന്നു. അദ്ദേഹം അതിനിടെ സര്‍ക്കാര്‍ സര്‍വീസില്‍ മെഡിക്കല്‍ ഓഫീസറായി ജോലിയില്‍ പ്രവേശിച്ചിരുന്നു.
പിന്നീട് ഡോ.ബിജു സംവിധാനം ചെയ്ത ഒന്നോ രണ്ടോ സീരിയലുകള്‍ സൂര്യ ടി.വി.യിലും മറ്റും വന്നതോര്‍ക്കുന്നു. എം.ആര്‍.ഗോപകുമാര്‍ അഭിനയിച്ച "ഷെര്‍ലോക്ക്" (ഓര്‍മ്മ ശരിയാണെങ്കില്‍) ചില എപ്പിസോഡുകള്‍ വീട്ടില്‍ അവധിക്കു വന്നപ്പോള്‍ കണ്ടിട്ടുണ്ട്. അമ്മായി അമ്മപ്പോരും അവിഹിത ഗര്‍ഭവും കണ്ണീരും ഇല്ലായിരുന്നത് കൊണ്ട് അവക്കൊന്നും മെഗാസീരിയല്‍ ആകാനുള്ള നിര്‍ഭാഗ്യം ഉണ്ടായില്ല.
പിന്നീടു ഡോ.ബിജുവിനെ കാണുന്നത് ഈയുള്ളവന്റെ കോഴ്സ് കഴിഞ്ഞ ശേഷം കേരളത്തിലെ അംഗീകൃത യോഗ്യതയുള്ള ഹോമിയോ ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എച്ച്.കെയുടെ തിരൂര്‍ യൂണിറ്റു രൂപീകരണത്തിലാണ്. അന്ന് അദ്ദേഹം സംഘടനയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു. ആ വര്‍ഷം കോഴിക്കോട്ടു നടന്ന സംസ്ഥാന സമ്മേളനത്തിലും അദ്ദേഹം മുന്‍നിരയില്‍ ഉണ്ടായിരുന്നു. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കു ശേഷം "സൈറ" എന്ന തന്റെ ആദ്യ ഫീച്ചര്‍ ചിത്രം സംവിധാനം ചെയ്തതോടെ സംഘടനാ നേതൃത്വത്തില്‍ അദ്ദേഹം അത്ര സജീവമല്ല... തിരക്കുകള്‍ തന്നെ കാരണം.
തീവ്രവാദം പ്രമേയമായെടുത്ത "സൈറ" എന്ന ആദ്യചിത്രം തന്നെ അദ്ദേഹത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തു. ഒരു മത വിഭാഗത്തെ മുഴുവനായി തീവ്രവാദികളായി മുദ്ര കുത്തുമ്പോള്‍ ചെയ്യാത്ത കുറ്റത്തിന് ജീവിതം ഹോമിക്കപ്പെടുന്ന നിരപരാധികള്‍... താന്‍ ചെയ്യുന്ന തെറ്റ് മൂലം ദുരിതങ്ങള്‍ നേരിടുന്നത് തന്റെ സമൂഹം തന്നെയാണ് എന്ന് മനസ്സിലാക്കാതെ തീവ്രവാദത്തിന്റെ വഴിയിലേക്ക് എടുത്തു ചാടുന്ന ചെറുപ്പക്കാര്‍... സ്വന്തം ലക്ഷ്യത്തിലേക്കുള്ള പാതയില്‍ ചവിട്ടുപടികളായി ആരെയും ഉപയോഗിക്കാന്‍ മടിക്കാത്ത അത്തരക്കാരുടെ ഇരകളായി സമനില നഷ്ടപ്പെടുന്നവര്‍... സ്ത്രീയെ വെറും ലൈംഗിക ഉപകരണം മാത്രമായി കാണുന്ന സമൂഹം... അങ്ങനെ ഏറെ സാമൂഹ്യ - ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ മനോഹരമായി അവതരിപ്പിച്ച ചിത്രമായിരുന്നു "സൈറ". ആ ചിത്രം അര്‍ഹിച്ച ആദരവ് നേടിയെടുത്തതോടൊപ്പം നവ്യാനായര്‍ക്കും അംഗീകാരം നേടിക്കൊടുത്തു. 
തുടര്‍ന്ന് അദ്ദേഹം സംവിധാനം ചെയ്ത "രാമന്‍" കാണാന്‍ കഴിഞ്ഞില്ല. എന്തുകൊണ്ടോ തീയറ്ററുകളില്‍ എത്താതിരിക്കുകയും എത്തിയപ്പോള്‍ പെട്ടെന്ന് അപ്രത്യക്ഷമാകുകയും ആണ് ഉണ്ടായത്. നമ്മുടെയൊക്കെ ഉയര്‍ന്ന ആസ്വാദന നിലവാരം  കൊണ്ടായിരിക്കും. എങ്കിലും അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു എന്നാണു മനസ്സിലാക്കുന്നത്.
പുതിയ ചിത്രം വീട്ടിലേക്കുള്ള വഴിയും ആധാരമാക്കുന്നത് തീവ്രവാദം തന്നെയാണ്. സാധാരണയില്‍ നിന്നു വ്യത്യസ്തമായി പ്രിത്വീരാജിനെയും ഇന്ദ്രജിത്തിനെയും പോലുള്ള മുഖ്യധാരാ സിനിമയിലെ സൂപ്പര്‍ (ആയോന്നറിയില്ല) താരങ്ങള്‍ അഭിനയിക്കുന്ന അല്‍പ്പം പണം ചെലവാക്കിയ ചിത്രമാണ് ഇത് എന്നാണു മനസ്സിലാക്കുന്നത്. ഇന്ത്യക്ക് പുറത്തു പല പ്രധാന ഫിലിം ഫെസ്ടിവലുകളിലും പ്രദര്‍ശിപ്പിക്കപ്പെട്ട് അഭിനന്ദനാര്‍ഹമായെങ്കിലും ഇന്നും കേരളത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സിനിമാശാലകള്‍ കിട്ടിയിട്ടില്ല എന്നത് മലയാള സിനിമയുടെയും മലയാളി പ്രേക്ഷകരുടെയും ഏത് മനോഭാവത്തെയും എന്ത് അവസ്ഥയെയും ആണ് പ്രതിഫലിപ്പിക്കുന്നത് എന്ന് പറയാന്‍ ഞാന്‍ ആളല്ല. അറുപതു വയസ്സുള്ള നായകന്‍ പേരക്കുട്ടികളുടെ പ്രായമുള്ള നായികയോടൊപ്പം ആടിപ്പാടി വെള്ളമടിച്ചു പൂരപ്പാട്ട് പാടി നൂറുകണക്കിന് വില്ലന്മാരെ അടിച്ചു നിരപ്പാക്കുന്ന ചിത്രങ്ങള്‍ വീണ്ടും വീണ്ടും എട്ടുനിലയില്‍ പൊട്ടുന്നത് കണ്ടിട്ടും വീണ്ടും അതെ വഴിയില്‍ പോകുന്ന തീയറ്റര്‍ ഉടമകള്‍ ഇതുപോലെ ഉള്ള പടങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ക്ക്‌ അവസരം നല്‍കാത്തത് ഉപഭോക്തൃ നിയമത്തിന്റെ പരിധിയില്‍ വരുമോ ആവോ?
എന്തായാലും ഇനി അവാര്‍ഡു കിട്ടിയത് കൊണ്ട് ഒരു പക്ഷെ തീയറ്ററുകളില്‍ വരുമായിരിക്കും അപ്പോള്‍ കാണാം. 
ഡോ.ഡി.ബിജുകുമാര്‍ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു.
വാല്‍:
സിനിമയെ ആര്‍ട്ടെന്നും കമേഴ്സ്യല്‍ എന്നും വിളിക്കാമോ എന്നറിയില്ല. എന്തായാലും രണ്ടു വിഭാഗത്തിലും ഞങ്ങള്‍ക്ക് ആളുണ്ട്. ഞങ്ങളെന്നു വെച്ചാല്‍ ഹോമിയോപ്പതി ഡോക്ടര്‍മാര്‍. ആര്‍ട്ടെന്നു പറയപ്പെടുന്ന വിഭാഗത്തില്‍ ഡോ.ബിജുകുമാര്‍. കമേഴ്സ്യല്‍ വിഭാഗത്തില്‍ അല്‍പ്പം ആര്‍ട്ട് കൂടി ചേര്‍ത്ത് കഥയെഴുതാന്‍ ഡോ.ഇക്ബാല്‍ കുറ്റിപ്പുറം. ഞങ്ങള്‍ ഒരു സംഭവമാണെന്ന് മനസ്സിലായില്ലേ?
വീണ്ടും ഒരു വാല്‍:
സലിം കുമാറിന് അവാര്‍ഡ് കിട്ടിയത് കോണ്‍ഗ്രസ്‌ ആയത് കൊണ്ടാണ് എന്നൊരു പ്രചാരണം പല ഭാഗത്ത്‌ നിന്നും വരുന്നുണ്ട്. കഴിവിന് അംഗീകാരം കിട്ടുമ്പോള്‍ രാഷ്ട്രീയം കാണേണ്ട ആവശ്യമില്ല. അവാര്‍ഡുകള്‍ സൂപ്പറുകള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന് കരുതുന്നത് അറിവില്ലായ്മയാണ്. വെറും തറ കോമഡി മാത്രമല്ല തനിക്ക് വഴങ്ങുക എന്ന് അദ്ദേഹം അച്ഛനുറങ്ങാത്ത വീട്, പെരുമഴക്കാലം, ഗ്രാമഫോണ്‍, കേരള കഫെ തുടങ്ങിയ ചിത്രങ്ങളില്‍ നേരത്തെ തെളിയിച്ചതാണ്. ആ നല്ല നടന് അഭിനന്ദനങ്ങള്‍. രാഷ്ട്രീയം നമുക്ക് ആ വിടുവായന്‍ ജഗദീഷിനു വല്ലതും കിട്ടുമ്പോള്‍ പറയാം.

അവാര്‍ഡിന് അര്‍ഹമായ 
"വീട്ടിലേക്കുള്ള വഴി" (ട്രെയിലര്‍)

ശ്രദ്ധിക്കപ്പെട്ട "രാമന്‍" (ട്രെയിലര്‍)

 

ആദ്യ ഫീച്ചര്‍ ചിത്രം "സൈറ" (ട്രെയിലര്‍)

 

ഐ.എച്ച്.കെ തിരൂര്‍ യൂനിറ്റ് ഉദ്ഘാടനം



സമയക്കുറവുകൊണ്ട് ഏറെയൊന്നും എഴുതിയിട്ടുണ്ടാവില്ല, എങ്കിലും ഡോ.ബിജുവിനും ഒരു ബ്ലോഗുണ്ട്... ഇവിടെ

May 18, 2011

സ.നായനാര്‍ - ഇന്നും ജനമനസ്സുകളില്‍

സ.നായനാര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഏഴു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. തന്റെ സ്വതസിദ്ധമായ നര്‍മ്മവും നിഷ്കളങ്കമായ പുഞ്ചിരിയും ആദര്‍ശത്തില്‍ നിന്നും കടുകിട വ്യതിചലിക്കാത്ത പ്രവര്‍ത്തനവും കുറിക്കുകൊള്ളുന്ന വാക്ശരങ്ങളും എതിരാളികളോട് പോലും പുലര്‍ത്തിയ നിറഞ്ഞ സൌഹൃദവും സര്‍വ്വോപരി കറകളഞ്ഞ മാര്‍ക്സിസ്റ്റ്‌ ജീവിതശൈലിയും കൊണ്ട് ജനങ്ങളുടെ സ്വന്തം സഖാവായി മാറിയ, ഇന്നും ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന സ.ഇ.കെ.നായനാരുടെ സ്മരണക്കു മുന്നില്‍ ഒരു പിടി രക്ത പുഷ്പങ്ങള്‍.

May 17, 2011

ചലോ പാണക്കാട്...


അല്ല, ഞാനിനി എന്തിനാ ഈ ചുവന്ന കൊടിയും പിടിച്ചു നടക്കുന്നത്? ബംഗാളില്‍ ആകെ തകര്‍ന്നു പോയി... കേരളത്തില്‍ ആണെങ്കില്‍ ഒരു ആശ്വാസത്തിന് ഒപ്പത്തിനൊപ്പം പിടിച്ചു നിന്നു എന്നൊക്കെ പറയാമെങ്കിലും ഭരണം യു.ഡി.എഫു തന്നെ കൊണ്ട് പോയില്ലേ? എന്തെങ്കിലും കാര്യം നടക്കാനും എന്റെ പോക്കറ്റില്‍ നാല് കാശ് വീഴാനും ഭരിക്കുന്ന പാര്‍ട്ടിയുടെ ആളായാലല്ലേ പറ്റൂ? ആദ്യമേ ചിന്തിക്കേണ്ടതായിരുന്നു. ആ അബ്ദുള്ളക്കുട്ടിയെ കണ്ടില്ലേ? ലോകസഭാ സീറ്റ് കിട്ടില്ലെന്ന് മനസ്സിലായപ്പോ ഒറ്റ ചാട്ടം. ഒട്ടും പിഴച്ചില്ല, ഇപ്പൊ എം.എല്‍.എ. ആയി സുഖിക്കുന്നു.  ഡോ.മനോജിനു കിട്ടിയ ചാന്‍സിന് പോയത് കൊണ്ട് ഡല്‍ഹിയില്‍ മദാമ്മേടെ പാര്‍ട്ടിയുടെ കാരുണ്യം കൊണ്ട് നല്ല ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യാന്‍ പറ്റി. ശിവരാമന്റെ കെട്ട്യോള് ബാങ്കിലെ കാശ് മുക്കിയതിനു പാര്‍ട്ടി പുറത്താക്കും മുന്‍പ് ചാടിയത് കൊണ്ട് അയാളും രക്ഷപ്പെട്ടു. പിന്നെ അലി... മൂപ്പര് തുടങ്ങിയ സ്വാശ്രയ കോളേജിന് അംഗീകാരം കൊടുത്തത് എല്‍.ഡി.എഫ്. സര്‍ക്കാര്‍ ആയിരിക്കും. പക്ഷെ, അവിടെ ഷെയര്‍ എടുക്കാനും തലവരി കൊടുത്തു പിള്ളേരെ ചേര്‍ക്കാനും സഖാക്കളുടെ കയ്യില്‍ എന്തുണ്ട്? രണ്ടുണ്ട. കുറെ കട വിറ്റാലെന്താ?  ഇനി മന്ത്രിയാകാം, കോളേജും നടത്താം. പണത്തിനു പണം തന്നെ വേണ്ടേ? പരിപ്പുവട മതിയോ? അവരുടെ ഒക്കെ കാര്യം പോട്ടെ... നമ്മുടെ സിന്ധു ജോയ്. കാലു തകര്‍ത്ത ചാണ്ടിച്ചായന്റെ മോളെപ്പോലെ ആയില്ലേ ഇപ്പോള്‍? അപ്പന്‍ മുഖ്യമന്ത്രി ആയാല്‍ പിന്നെ സിന്ധുമോളുടെ കാര്യം പ്രത്യേകിച്ച് പറയാനുണ്ടോ? പോരാത്തതിന് ഇനിയും ഒരുപാട് കാര്യം സ്ത്രീകള്‍ക്ക് വേണ്ടി ചെയ്യാനുണ്ടെന്നു സിന്ധുമോള്‍ തന്നെ പറഞ്ഞ കുഞ്ഞാപ്പാക്കയും ഉണ്ട്. മുന്നണിയില്‍ നിന്ന് ചാടിപ്പോയ വീരനും ജോസഫും മിക്കവാറും ജോര്‍ജും മന്ത്രിമാരോ അല്ലെങ്കില്‍ സ്പീക്കറെങ്കിലും ആകും. അവരുടെയൊക്കെ ഒരു യോഗം.
എന്തിനാ അധികം പറയുന്നത്? മലപ്പുറത്ത്‌ നമുക്ക് ഓര്‍മ്മ വെച്ച കാലം മുതല്‍ എല്ലാ തെരഞ്ഞെടുപ്പിനും നിന്ന് തോല്‍ക്കാറുള്ള റഹ്മത്തുള്ള. വക്കീലാണെന്നു പറയാമെങ്കിലും വാദിക്കാനറിയാതെ എങ്ങനെ ജീവിക്കും ഇനി ഒരു അഞ്ചു കൊല്ലം എന്ന് ചിന്തിച്ചു പോയിക്കാണും പാവം. ഇത് വരെ കുറെ ഉണ്ടാക്കി എന്ന് വെച്ച് ഇനി ഉണ്ടാക്കാന്‍ പാടില്ല എന്നൊന്നും ആരും പറഞ്ഞിട്ടില്ലല്ലോ? നമ്മടെ മതത്തെയും നമ്മടെ കീശേനേം രക്ഷിക്കാന്‍ ഇനിയിപ്പോ ആകെ ബാക്കിയുള്ളത്  നമ്മടെ സ്വന്തം പാര്‍ട്ടി എന്ന് ചിന്തിച്ചതില്‍ എന്താ തെറ്റ്? അതൊക്കെ സി.പി.ഐ.ക്കാരോട് പറയണം എന്ന് ആര് പറഞ്ഞു? റഹ്മത്തുള്ളക്ക് തോന്നിയപ്പോ മൂപ്പരിങ്ങു പോന്നു. ആര് വന്നാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ പാണക്കാട്ടെ തറവാടും പുതുപ്പള്ളീലെ വീടും ഉണ്ടല്ലോ... അങ്ങനെ അയാളും രക്ഷപ്പെട്ടു.
ഇനിയിപ്പോ എന്റെ കാര്യം എന്തായിരിക്കും? ഭരണം കിട്ടിയപ്പോള്‍ വരെ ആ പണ്ടാരമടങ്ങിയ പാര്‍ട്ടിക്കാര് വല്ലതുമൊക്കെ ഉണ്ടാക്കാന്‍ നോക്കിയിട്ട് സമ്മതിച്ചില്ല. ഇനി ഭരണം ഇല്ലാതെ എങ്ങനെ ജീവിക്കും? 
അല്ല, ഞാനീ രീതിയിലൊക്കെ ചിന്തിക്കാമോ? 
ഒരു സഖാവായിട്ട്‌? ......... 
.
.
.
.
ഓ.... ഒന്നും ആലോചിച്ചിട്ട് കാര്യമില്ല, ആദര്‍ശം പറഞ്ഞുകൊണ്ടിരുന്നാല്‍ നമ്മുടെ കീശ വീര്‍ക്കില്ലല്ലോ? അതിനു അധികാരം കിട്ടണം. ഇനിയിപ്പോ മൂന്നു കൊല്ലം കഴിയണം ഒരു തെരഞ്ഞെടുപ്പു വരാനും സീറ്റ് കിട്ടാനും ഒക്കെ. അത് പാര്‍ലമെന്‍റ്  ആയതു കൊണ്ട് നമുക്കൊന്നും കിട്ടാനും പോകുന്നില്ല. പിന്നെ ഉള്ളതാണെങ്കില്‍ നാല് നാലര കൊല്ലം കഴിയണം... പഞ്ചായത്ത് തെരഞ്ഞെടുപ്പു വരാന്‍. അത് വരെ എന്ത് ചെയ്യും? ഈ നശിച്ച പാര്‍ട്ടിയിലാണെങ്കില്‍ ഇനി സമരത്തിന്റെയും വെയിലത്തിറങ്ങി മുദ്രാവാക്യം വിളിക്കുന്നതിന്റെയും ബഹളമായിരിക്കും. പോരാത്തതിന് വെള്ളക്കൊടീം കൊണ്ട് തല്ലു വാങ്ങാന്‍ തയ്യാറായി എസ്.എഫ്.ഐ.ക്കാരും ഡി.വൈ.എഫ്.ഐക്കാരും ഇറങ്ങിക്കോളും. എന്നെക്കൊണ്ട് വയ്യ ഈ മേലനങ്ങുന്ന പരിപാടിക്കൊന്നും. ഇനിയിപ്പോ ഒരേ ഒരു വഴി അങ്ങോട്ട്‌ വണ്ടി വിടുക തന്നെ... കോണ്‍ഗ്രസ്സില്‍ പോയാല്‍ ഗ്രൂപ്പും ആള്‍ക്കൂട്ടവും ഒക്കെ ആയി മുന്നോട്ടു വരാന്‍ കുറച്ചു ബുദ്ധിമുട്ടാ.. ഇനിയിപ്പോ ആ പൊറാട്ട തിന്ന ചുള്ളനോട് ചാറ്റാനും കൊഞ്ചാനുമൊന്നും എനിക്ക് വയ്യ. അല്ലെങ്കില്‍ അങ്ങനെയെങ്കിലും ആളാകാമായിരുന്നു. ജാതി പറഞ്ഞിട്ടും കാര്യമുണ്ടാവാന്‍ വഴിയില്ല. നമ്മുടെ നേതാവ് സുകുമാരന്‍ നായര്‍ക്കു ചെന്നിത്തലയെ പോലും രക്ഷിക്കാന്‍ പറ്റിയില്ല, പിന്നെയല്ലേ ഞാന്‍? അത് കൊണ്ട് പറ്റിയ പാര്‍ട്ടി ഞമ്മന്റെ പാര്‍ട്ടി തന്നെ. മെമ്പര്‍ഷിപ്പിന്റെ ഫോമൊക്കെ തറവാട്ടില്‍ എപ്പഴും സ്റ്റോക്കാണെന്നാ കേട്ടത്. നേരെ അങ്ങ് പോകുക, തങ്ങളുപ്പാപ്പാന്റെ കയ്യിലോ കയ്യ് കിട്ടീലെങ്കി കാലിലോ കേറി ഒരു മുത്തം അങ്ങ് കൊടുക്കുക. വേണമെങ്കില്‍ സമസ്താപരാധങ്ങളും പൊറുക്കണേ എന്ന് പറഞ്ഞു ഒന്ന് പൊട്ടിക്കരയാം. എടുക്കാതിരിക്കുകയില്ല... ആള്‍ക്കാര് ചോദിക്കുമ്പോളല്ലേ? അമ്പലത്തിലെ ഉത്സവത്തിനു വന്ന ആനയുടെ വാലിലെ രോമം ചോദിച്ചതിനു പാര്‍ട്ടി വിമര്‍ശിച്ചു എന്ന് പറയാം, ഒരു മത - രക്തസാക്ഷിയുടെ പരിവേഷവും കിട്ടും.
അല്ല, ഇനിയിപ്പോ ഞാന്‍ മുസ്ലീമല്ലാത്തത് കൊണ്ട് എടുക്കാതിരിക്കുമോ? ഇല്ലെന്നു കരുതാം. നമ്മുടെ ജാതിയില്‍ ഒരു സ്വാധീനം ഉണ്ടാകുന്നത് കുഞ്ഞാപ്പാക്കക്കും സന്തോഷമാകും. 
എന്നാലും... ഇനിയിപ്പോ എന്തെങ്കിലും പ്രശ്നം... 
ഓ.. പോട്ടെ.. വരുന്നത് വരുന്നിടത്ത് വെച്ച് കാണാം. ഒരു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമോ പി.എസ്.സി. അംഗത്വമോ ഒക്കെ കിട്ടുമെങ്കില്‍ ഇനിയിപ്പോ അറ്റമല്ല, മുഴുവനായി മുറിക്കാനും ഞാന്‍ തയ്യാര്‍....
.
.
.
...എന്നൊക്കെ ചിന്തിച്ചു തുടങ്ങിയ ഏതെങ്കിലും ചെറ്റകള്‍ ഇനിയും ഇടതു മുന്നണിയില്‍ ബാക്കി ഉണ്ടെങ്കില്‍ പെട്ടെന്ന് ഒഴിഞ്ഞു പോകാന്‍ അപേക്ഷിക്കുന്നില്ല... അടി ചൂല് കൊണ്ടോ ചെരുപ്പ് കൊണ്ടോ എന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ മാത്രം മതി, ഏതായാലും ഞങ്ങള്‍ക്ക് പെരുത്ത്‌ സന്തോഷം.

May 13, 2011

കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി ആക്കണം.

നൂറെന്നും നൂറ്റിപ്പത്തെന്നും വീമ്പടിച്ച ഉടായിപ്പ് മുന്നണി അവസാനം എഴുപത്തി രണ്ടു സീറ്റുമായി കഷ്ടിച്ച് കടന്നു കൂടി. ഇനിയിപ്പോ മുഖ്യമന്ത്രി ആരായിരിക്കും എന്നാണല്ലോ അടുത്ത ചോദ്യം. ഈ "ഭയങ്കര" വിജയത്തിന്റെ പ്രായോജകര്‍ എന്ന അവകാശവാദം ഉന്നയിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് എന്തായാലും പറ്റില്ല... ഉളുപ്പില്ലാത്തത് കൊണ്ട് അവര്‍ ചിലപ്പോള്‍ അതും അവകാശപ്പെടും എങ്കിലും. ആ അവകാശവാദവുമായി നായര്‍-ക്രിസ്ത്യന്‍-മുസ്ലിം സാമുദായിക-സമ്മര്‍ദ്ദ-സംഹാര ശക്തികള്‍ ഇപ്പോളെ അരയും തലയും പിന്നെ പ്രധാന ആയുധമായ നാവും മുറുക്കിയിട്ടുണ്ടാകും. വി.എസ്സിനെ മുഖ്യമന്ത്രി ആക്കാതിരിക്കാനും ചെന്നിത്തലയെ മുഖ്യമന്ത്രി ആക്കാനും "ശ്രമിക്കാന്‍ ശ്രമിച്ച" സുകുമാരന്‍ (നായരെന്നു ഉറപ്പിച്ചു പറയാന്‍ പറ്റില്ല. പണിക്കര്‍ക്ക് ചായ വാങ്ങിക്കൊടുക്കാന്‍ നിന്ന പയ്യന്‍ - എവിടുന്നോ വലിഞ്ഞുകയറി വന്നതാണത്രേ - ഒരു പ്രശസ്ത നായര്‍ തറവാട്ടിലെ പിഴച്ചു പെറ്റ കുലീന യുവതിയുടെ കൊച്ചിന്റെ തന്ത സ്ഥാനം ശിരസ്സിലാവാഹിച്ചു നിലയും വിലയും നേടി എന്ന് ക്രൈം ഭാഷ്യം) വി.എസ്സിന്റെ വര്‍ധിച്ച ഭൂരിപക്ഷവും ചെന്നിത്തലയന്റെ നേര്‍ത്ത ഭൂരിപക്ഷവും കണ്ടു "തല കുത്തി തറയില്‍ വീണു, തലയില്‍ മുഴ" എന്ന പാരഡി ഗാനത്തിന്റെ അവസ്ഥയിലായി പണ്ടാരമടങ്ങിപ്പോയി. ഇടയന്മാരുടെ ലേഖന ശൌര്യം പണ്ടേപ്പോലെ ഒട്ടു ഫലിച്ചെന്ന് ഉമ്മന്‍ ചാണ്ടി പോലും ഉറപ്പിച്ചു പറയില്ല. എറണാകുളത്തും കോട്ടയത്തും സീറ്റിന്റെ എണ്ണത്തില്‍ എല്‍.ഡി.എഫിനെ ഒന്ന് നിരപ്പാക്കാന്‍ പറ്റിയെങ്കിലും പാര്‍ലമെന്റ് -പഞ്ചായത്ത് തെരഞ്ഞെടുപ്പു പോലെ ഒരു സുനാമിയൊന്നും വോട്ടിന്റെയും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അല്ലെങ്കിലും ആ സീറ്റൊന്നും എല്‍.ഡി.എഫിന്റെ കണക്കില്‍ കൂട്ടിയിരുന്നില്ല എന്ന് വേണം കരുതാന്‍. കുറച്ചു സ്വാശ്രയ കോളേജുകള്‍ തുടങ്ങി തലവരി വാങ്ങി പുട്ടടിക്കണം എന്നേ അവര്‍ക്കാഗ്രഹമുള്ളൂ... അതിനു ചാണ്ടി തന്നെ മുഖ്യമന്ത്രി ആകണം എന്ന് നിര്‍ബന്ധമൊന്നുമില്ല.
പിന്നെയുള്ള ഒരേയൊരു താരം കുഞ്ഞാലിക്കുട്ടി ആണ്. ദുഷ്ടന്മാരും കുശുമ്പന്മാരുമായ സഖാക്കള്‍ എന്തൊക്കെയാ പറഞ്ഞത്? ഞമ്മടെ നേതാവിന് ഒരു ചുക്കും പറ്റീല... ഈ പീഡനവും ബലാലും ഒക്കെ ഞമ്മടെ നേതാവ് ഒരു അസ്സല്‍ ആണ് തന്നെ ആണെന്ന് തെളിയിക്കാനെ ഞമ്മടെ വോട്ടര്‍മാരുടെ അടുത്ത് ഉപകരിക്കൂ...പീഡിപ്പിച്ച ഞമ്മടെ നേതാവിന്  മുപ്പത്തേഴായിരം... ഇതൊക്കെ പറയിപ്പിച്ച മുനീറിനാണെങ്കില്‍ കഷ്ടിച്ച് ഒപ്പിക്കേണ്ടി വന്നു. അത് തന്നെ മൂപ്പര്‍ക്ക് ചെന്നൈല്‍ ചിന്ന ബീട് ഉണ്ടെന്നു കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞൂന്നു ആ ഇബിലീസ് റൌഫ് പറഞ്ഞോണ്ട്. മൂപ്പര്‍ക്കും ഇത്തിരിപ്പോരം ആണത്തം ഉണ്ടെന്നു ബോട്ടര്‍മാര്‍ക്ക് മനസ്സിലായി. പോരാത്തതിന് ബിമാനത്തില് പറന്നപ്പോ ഹോണടിച്ച അച്ചായനും വിജയം.. ഇതാ പറയുന്നത്, ആദര്‍ശവും പറഞ്ഞു കക്കാതെ, പെണ്ണ് പിടിക്കാതെ നടന്നാലൊന്നും ഞമ്മടെ നാട്ടുകാര് വോട്ടു ചെയ്യില്ലാന്ന്. അതിനു നല്ല ഒത്ത ആണാന്നു തെളിയിക്കണം. ഞമ്മടെ പാര്‍ട്ടീനെ ഇരുപതു സീറ്റില്‍ വിജയിപ്പിച്ച കുഞ്ഞാലിക്കുട്ടി സാഹിബ് തന്നെ മുഖ്യമന്ത്രി ആകാന്‍ ഏറ്റവും യോഗ്യന്‍. പക്ഷെ വിനീതനായ സാഹിബ് അതൊന്നും സ്വയം പറയൂല. ഒക്കെ ആ ചിരിയില്‍ ഉണ്ട്. ഞമ്മടെ നേതാവും പാര്‍ട്ടിയും ഇല്ലെങ്കില്‍ കാണാരുന്നു യു.ഡി.എഫിന്റെ കോലം. ഞമ്മടെ നേതാവൊന്നു മുഖ്യമന്ത്രി ആയിക്കോട്ടെ, എല്ലാ പഞ്ചായത്തിലും സര്‍ക്കാരിന്റെ ചെലവില്‍ ഐസ്ക്രീം പാര്‍ലര്‍ തുടങ്ങിത്തരാം... തിന്നു തിന്നു തൂറ്റല് പിടിച്ചു ചാവട്ടെ ഒന്ന് പീഡിപ്പിക്കാന്‍ പോലും ആരോഗ്യമില്ലാത്ത സഖാക്കന്മാര്..

May 03, 2011

കൊല്ലേണ്ടതെങ്ങനെ?


ചത്തെന്നു കുറേപ്പേര്‍...
കൊന്നെന്നു വേറെ കുറേപ്പേര്‍...
രക്തസാക്ഷിയായെന്നു പറയാനും കുറേപ്പേര്‍...
കടലില്‍ താഴ്ത്തിയാല്‍ കരക്കടിയുമോ ശവം?
അതോ കല്ല്‌ കെട്ടി താഴ്ത്തിയോ?
നരക്കാത്ത താടി ദിവ്യത്വമോ?
അതോ വെറുതെയങ്ങു വരച്ചു ചേര്‍ത്ത പടമോ?
കണ്ണ് കുത്തിപ്പൊട്ടിച്ചതു മനുഷ്യത്വമോ? (അതില്ലാത്തവനോടായാലും)
സുകുമാരക്കുറുപ്പിനെ പാക്കിസ്ഥാനില്‍ പോയാല്‍ കിട്ടുമോ?
പിടിച്ചത് ഗുഹയില്‍ നിന്നോ കൊട്ടാരത്തില്‍ നിന്നോ?
തന്റെ പിള്ളേരും കൂടെയുണ്ടായിരുന്നെന്നു പറഞ്ഞ ഐ.എസ്.ഐ.ക്കാരന് വട്ടാണോ?
എന്നാലും ആ ശവം ഒന്ന് കാണിച്ചു തരാമായിരുന്നില്ലേ?
അല്ല, ശരിക്കും അയാള് നാളെ അല്ജസീറയില് വന്നു ഒബാമയെ തെറി പറയുമോ?
ഇതൊക്കെ ഇങ്ങനെ നടക്കും...
അമേരിക്ക ഇനിയും കുറെ ചാവി കൊടുത്താല്‍ ചാടുന്ന പാവകളെ ജനിപ്പിക്കും,
ഇന്നത്തെ സവിശേഷ സാഹചര്യത്തില്‍ അവര്‍ക്ക് താടിയും തലേക്കെട്ടും ഉണ്ടായിരിക്കും...
അവരെ ശത്രു രാജ്യത്തേക്ക് / എണ്ണ രാജ്യത്തേക്ക് / സമ്പന്ന രാജ്യത്തേക്ക് ഉരുട്ടിവിടും,
അവരവിടെ കിടന്നു പടക്കോം മത്താപ്പും പൊട്ടിച്ചു കളിക്കും...
കുറെ കഴിയുമ്പോള്‍ ഒരു എലിവാണം അമേരിക്കയില്‍ വന്നു വീഴും...
കുറെ എണ്ണം ചാവും...
അമേരിക്ക ഉടനെ താടിക്കാരന്റെ തറവാട് തവിട്പൊടി ആക്കും,
താടിക്കാരന്‍ ചത്തില്ലെങ്കില്‍ ഉടനെ കുറെ ഗുഹയുള്ള പാക്കിസ്ഥാനിലോട്ടു ചെല്ലും...
പാക്കിസ്ഥാന്‍ താടിക്കാരുള്ള ധൈര്യത്തില്‍ കാശ്മീരില്‍ വെടി പൊട്ടിക്കും...
ആ പേരും പറഞ്ഞു കുറെ കുറുക്കന്മാര്‍ പള്ളികള്‍ പൊളിക്കാന്‍ പറയും...
കുറെ പൊട്ടന്മാര്‍ ഉടനെ പോയി പള്ളി പൊളിക്കും...
ഉടനെ വേറെ കുറെ മന്ദബുദ്ധികള്‍ അവിടെയും ഇവിടെയും ബോംബു വെക്കും..
പിന്നെ എല്ലാര്‍ക്കും ആവശ്യത്തിനു സീറ്റും വോട്ടും കിട്ടും..
അവരെ മടുത്താല്‍ വേറെ കുറെ കള്ളന്മാര്‍ കസേരയില്‍ കയറി ഇരിക്കും...
അവര്‍ അമേരിക്കയുടെ പൃഷ്ടം താങ്ങും...
അവരുടെ ആസനത്തില്‍ ആല്‍ മുളക്കും...
താടിക്കാരനെ കൊന്ന ഒബാമക്ക് ഇനിയും കസേര കിട്ടും...
ലാദന്‍ ചത്താലും ചത്തില്ലെങ്കിലും...
വാര്‍ത്തയും ചിത്രവും സത്യമായാലും നുണയായാലും...
തീവ്രവാദം മരിക്കില്ല..
അമേരിക്ക ഉള്ളിടത്തോളം...
കൊന്നാലും കൊന്നില്ലെങ്കിലും അടുത്ത താടിക്കാരന്‍ ഡോക്ടര്‍ പറയും...
സവാഹിരി ഗിരി ഗിരി...
കൊല്ലലും ചാവലും തുടരട്ടെ...
നമ്മള്‍ ബ്ലോഗര്‍മാര്‍ക്ക് പോസ്റ്റിനുള്ള വകയായി...
അല്ല പിന്നെ!
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം